‘കേരളം ഗുണ്ടകളുടെ ഇടനാഴിയായി’; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സഭയില്‍ വാക്പോര്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ സഭയില്‍ വാക്പോര്. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയേ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.സമീപകാലത്ത് നടന്ന കൊലപാതകകേസുകളിലെ പ്രതികള്‍ അറസ്റ്റിലായെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ വിവാഹ പാർട്ടിക്കിടെ ബോംബേറില്‍ ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കോണ്‍ഗ്രസ് നേതൃത്വതെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോൺഗ്രിസന്റേത്. ധീരജ് കൊലപാതകത്തെ കെപിസിസി പ്രസിഡന്റ് ന്യായീകരിച്ചു. കൊലപാതകങ്ങൾക്ക് കോൺഗ്രസ് നേതൃത്വം പരസ്യ പിന്തുണ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ജനത്തിന്റ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി നേതാക്കളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ സ്ഥിതി ഭയാനകം എന്നായിരുന്നു എൻ ഷംസുദ്ധീൻ എംഎല്‍എ പറഞ്ഞത്. തലശ്ശേരിയിൽ ആര്‍എസ്എസ് ആണ് പ്രതികൾ എങ്കിൽ കിഴക്കമ്പലത്തു സിപിഎം ആണ് പ്രതികള്‍. തലശ്ശേരിയില്‍ സ്വന്തം പാർട്ടിക്കാരന്റെ ജീവൻ രക്ഷിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷുംസുദ്ധീന്‍ കുറ്റപ്പെടുത്തി.





