Malappuram

വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവം : പ്രതി പിടിച്ചു നിന്നത് നാട്ടിലെ പൊതുപ്രവര്‍ത്തകനെന്ന പ്രതിച്ഛായ മറയാക്കി

Please complete the required fields.




മലപ്പുറം : തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതിയായ വിഷ്ണു പിടിച്ചുനിന്നത് നാട്ടിലെ പൊതുപ്രവര്‍ത്തകനെന്ന പ്രതിച്ഛായ മറയാക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും തുവ്വൂർ പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരനുമായിരുന്നു ഇയാൾ സുജിതയെ കാണാതായ വിവരം പുറത്ത് വന്നത് മുതൽ നാട്ടുകാർക്ക് മുൻപിൽ ഓസ്കറിനെ വെല്ലുന്ന അഭിനയമാണ് കാഴ്ചവെച്ചത്.

തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35) എന്ന യുവതിയെയാണ് ഈ മാസം 11 മുതൽ കാണാതായത്. അന്ന് മുതൽ സുജിതയ്ക്കായുള്ള തിരച്ചിലിലും മറ്റ് പ്രവര്‍ത്തനങ്ങളിലും വിഷ്ണു സജീവമായിരുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച സുജിത തിരോധാന ആക്ഷൻ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു. ആഗസ്റ്റ് പതിനാലിന് സുജിതയെ കാണാനില്ലെന്ന പോസ്റ്റുൾപ്പെടെ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒപ്പം കരുവാരക്കുണ്ട് പോലീസിൻ്റെ അറിയിപ്പും പങ്കുവെച്ചു. തിരോധാനത്തിൻ്റെ കൂടുതല്‍ വാര്‍ത്തകള്‍ നല്‍കാത്തത് സംബന്ധിച്ച്‌ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പ്രതിയെന്ന തരത്തിൽ ഒരു സംശയത്തിനും ഇട വരുത്താത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റങ്ങള്‍.

എന്നാല്‍, സുജിതയുടെ മൊബൈലിൻ്റെ അവസാന സിഗ്നല്‍ വിഷ്ണുവിൻ്റെ വീടിന് സമീപമായതിനാലും അവിടെ വിഷ്ണുവിൻ്റെ മൊബൈല്‍ സിഗ്നല്‍ രേഖപ്പെടുത്തിയതിനാലും പോലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. മാത്രമല്ല, സുജിതയുടെ ആഭരണങ്ങള്‍ വില്‍ക്കാൻ ഇയാള്‍ ശ്രമിച്ചത് നാട്ടില്‍ അറിയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസില്‍ നടന്ന ഓണാഘോഷ പരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഐ എസ് ആര്‍ ഒയില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് പഞ്ചായത്തിലെ താത്കാലിക ജോലിയില്‍ നിന്ന് ഇയാള്‍ രാജിവെക്കുകയും ചെയ്തു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ട കാര്യം സമ്മതിച്ചത്. ആഭരണമടക്കം അപഹരിക്കാനായിരുന്നു കൊലപാതകമെന്നാണ് സൂചന. വിഷ്ണുവിനെ കൂടാതെ ഇപ്പോൾ കേസിൽ അറസ്റ്റിലായിരിക്കുന്നത് വിഷ്ണുവിന്റെ പിതാവും രണ്ട് സഹോദരങ്ങളും സുഹൃത്തുമാണ്. കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന്റെ വീട്ടുമുറ്റത്തെ മാലിന്യക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button