Kozhikode

ദേശീയപാതയിലെ വെസ്റ്റ് കൈതപ്പൊയിലിൽ റോഡിലെ കുഴികൾ അപകടകെണിയാവുന്നു

Please complete the required fields.




താമരശ്ശേരി : ആയിരക്കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോവുന്ന കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലാണ് ഈ പരിതാപ അവസ്ഥ. ദേശീയപാതയിലെ വെസ്റ്റ് കൈതപ്പൊയിൽ ഭാഗത്താണ് അങ്ങിങ്ങായി വൻകുഴികൾ കാലമേറെക്കഴിഞ്ഞിട്ടും ശാസ്ത്രീയമായി നികത്താതെ അപകടക്കെണിയൊരുക്കുന്നത്. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി മറ്റിടങ്ങളിൽ അടുത്തിടെ റീടാർ ചെയ്തെങ്കിലും വെസ്റ്റ് കൈതപ്പൊയിൽ ഭാഗത്ത് പലയിടത്തും ക്വാറിവേസ്റ്റ്‌ മാത്രമിട്ടുള്ള അശാസ്ത്രീയമായ കുഴിനികത്തലാണ് നടന്നത്. മേഖലയിൽ ശക്തമായ മഴ പതിവാണെന്നിരിക്കെ നികത്തി ദിവസങ്ങൾ കഴിയുംമുമ്പേ കുഴികൾ പഴയപടിയാവുന്ന ദയനീയാവസ്ഥയാണ്. വെസ്റ്റ് കൈതപ്പൊയിൽ ബസ് സ്റ്റോപ്പിന് സമീപത്തും പാലത്തിലും ഓയിൽമില്ലിന് സമീപത്തുമാണ് റോഡ് ഏറ്റവുംകൂടുതൽ തകർച്ച നേരിട്ടിരിക്കുന്നത്.

വെസ്റ്റ് കൈതപ്പൊയിൽ പാലത്തിൽ അങ്ങിങ്ങായി ടാർ അടർന്ന് കിടങ്ങുകൾക്ക് സമാനമായ രീതിയിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ക്വാറിവേസ്റ്റിട്ട ഭാഗത്തെല്ലാം അതിലേറെയും മഴയത്ത് ഒഴുകിമാറിപ്പോയിട്ടുണ്ട്. ദേശീയപാതയിലെ വാഹനബാഹുല്യവും പാലത്തിലെ വീതിക്കുറവും റോഡിന്റെ ദുരവസ്ഥയും കൂടിച്ചേരുന്നതോടെ അവധിദിനങ്ങളിലും തിരക്കേറിയ സമയങ്ങളിലും പാലത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. കുഴികളിൽ ചാടി വാഹനങ്ങൾ തകരാറിലാവുമ്പോൾ കുരുക്ക് കൂടുതൽ മുറുകും. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിയിൽ ഏറെനേരം നിർത്തിയിടേണ്ട സാഹചര്യവുമുണ്ടാവുന്നു.

വെസ്റ്റ് കൈതപ്പൊയിൽ ബസ് സ്റ്റോപ്പ് കഴിഞ്ഞ് താമരശ്ശേരി ഭാഗത്തേക്ക് നീങ്ങുന്ന വാഹനങ്ങളെ പരീക്ഷിക്കുന്ന തരത്തിലാണ് ഈ ഭാഗത്ത് റോഡിലെ ചതിക്കുഴികൾ. ആഴത്തിലും വീതിയിലും തലങ്ങും വിലങ്ങുമായി ഒട്ടേറെ കുഴികളുള്ളതിനാൽ ഇവയിൽ ചാടാതെ സഞ്ചരിക്കാമെന്നത് യാത്രക്കാരുടെ വ്യാമോഹം മാത്രമാണ്. കുഴികളിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്.

ചെറിയ കിടങ്ങുകൾക്ക് സമാനമായ കുഴികളിൽവീണ് ബൈക്ക് യാത്രികർക്ക് പരിക്കേൽക്കുന്നതും ഇവിടെ പതിവാണ്. മഴ പെയ്യുകകൂടി ചെയ്യുന്നതോടെ വെള്ളംനിറഞ്ഞ് ‘വിശ്വരൂപം’ പുറത്തുകാട്ടാതെ നിൽക്കുന്ന കുഴികൾ സൃഷ്ടിക്കുന്ന അപകടഭീഷണി വളരെ വലുതാണ്. ഓയിൽ മില്ലിനും കള്ളുഷാപ്പിനും എതിർവശത്തായി റോഡിന്റെ ഒരുഭാഗംതന്നെ കുഴികാരണം ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയാണ്. കണ്ണിൽപൊടിയുന്ന കുഴിനികത്തൽ രീതി ഒഴിവാക്കി ശാസ്ത്രീയമായി കുഴിയടച്ച് റീടാർ ചെയ്യണമെന്നതാണ് യാത്രികരുടെയും നാട്ടുകാരുടെയും ആവശ്യം

Related Articles

Leave a Reply

Back to top button