Kozhikode

പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി കൂളിമാട്-കളൻതോട് റോഡ്

Please complete the required fields.




മാവൂർ : വേനൽമഴ പെയ്തതോടുകൂടി കൂളിമാട്-കളൻതോട് റോഡിലെ യാത്ര ദുരിതമായി. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കുംപോലും യാത്ര ചെയ്യാൻ കഴിയാത്തരീതിയിൽ ചെളിക്കുളമായി മാറിയിരിക്കുകയാണ് ഈ റോഡിലെ പല ഭാഗങ്ങളും. വലിയ വാഹനങ്ങൾ കടന്നുപോകുന്നതുകൊണ്ട് റോഡ് സഞ്ചാരയോഗ്യമല്ലാതായി മാറിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ ചെളിയിൽ തെന്നിയും കുഴിയിൽ ചാടിയും മറിയുന്നുമുണ്ട്.

നിലവിൽ കൂളിമാട്-കളൻതോട് റോഡുപണിയുടെ ടെൻഡർ നടപടികളും മറ്റു അനുബന്ധ പേപ്പർ വർക്കുകളും പൂർത്തിയായിട്ടുണ്ട്. എന്നാൽ, ഇതുവരെ എഗ്രിമെന്റ് വെച്ചിട്ടില്ല എന്നതിനാൽ കരാറുകാരൻ ജോലി തുടങ്ങിയിട്ടില്ല. കരാറെടുത്തിരിക്കുന്നത് പി.ടി.എസ് ഹൈടെക് പ്രോജക്ട്‌ കമ്പനിയാണ്. കിഫ്‌ബിയുടെ സഹായധനത്തോടെ കേരള റോഡ് ഫണ്ട് ബോർഡ് നടപ്പാക്കുന്ന കളൻതോട്-കൂളിമാട് റോഡിന്റെ നീളം ഏഴുകിലോമീറ്ററാണ്.

2018-ൽ 19 കോടി രൂപയ്ക്ക് ആദ്യത്തെ കരാർ ഏറ്റെടുത്ത കമ്പനി ഒൻപതുശതമാനം ജോലികൾ തീർത്തിരുന്നു. റോഡുനിർമാണത്തിന് മുൻപുതന്നെ തീർക്കേണ്ട പ്രാരംഭപ്രവൃത്തികളായ മരംമുറിക്കൽ, വൈദ്യുതിലൈൻ മാറ്റിസ്ഥാപിക്കൽ, ജലവിതരണപൈപ്പുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവ മുടങ്ങിയതോടുകൂടി കരാറുകാരൻ പ്രവൃത്തി അവസാനിപ്പിക്കാൻ നിർബന്ധിതനാവുകയായിരുന്നു. തുടർന്നാണ് എസ്റ്റിമേറ്റ് തുക ഏകദേശം ഇരട്ടിയോളം വർധിപ്പിച്ചുകൊണ്ട് റീ ടെൻഡറിലേക്ക് കടന്നത്.

എത്രയും പെട്ടെന്ന് റോഡിന്റെ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ. റോഡിന്റെ പ്രവൃത്തി നീണ്ടുപോയാൽ കൂളിമാട് പാലത്തിന്റെ ഉദ്‌ഘാടനം വൈകുമെന്നതിനോടൊപ്പം പാലം ഉപയോഗിക്കാനാവാതെ കിടന്നേക്കും എന്നതും ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button