
കൂരാച്ചുണ്ട് : വെള്ളിയാഴ്ച രാത്രിയിലെ കനത്ത ചുഴലിക്കാറ്റിലും വേനൽമഴയിലും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം മേഖലയിലാണ് ഏറ്റവുമേറെ നാശം സംഭവിച്ചത്.കക്കയം നാരായണൻ കല്ലക്കുടി, ജോൺസൺ പോക്കാട്ട്, സന്തോഷ് പുളിയുള്ളമീത്തൽ എന്നിവരുടെ വീടുകൾക്ക് മരം വീണ് കേടുപാട് സംഭവിച്ചു.കക്കയം തേക്കാനത്ത് ബേബി, സെബാസ്റ്റ്യൻ മൈലാംകുഴി, സാലിയാമ്മ അറക്കൽ, തേക്കാനത്ത് ബിജു, പത്രോസ് പന്നിവെട്ടുപറമ്പിൽ, ബാലൻ തെക്കയിൽ, സേവ്യർ തേക്കാനത്ത്, കാഞ്ഞിരത്തിങ്കൽ ഔസേപ്പ്, ബിജിമോൾ പോക്കാട്ട് എന്നിവരുടെ കാർഷിക വിളകൾ കാറ്റിൽ നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, മെംബർമാരായ ജെസി കരിമ്പനക്കൽ, അരുൺ ജോസ്, മുൻ മെംബർ ആൻഡ്രൂസ് കട്ടിക്കാന, ചാക്കോച്ചൻ വല്ലയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
കക്കയത്ത് പാതയിലേക്ക് മരം വീണ് വൈദ്യുതി ലൈൻ പൊട്ടി. മരം അമീൻ റെസ്ക്യൂ ടീമംഗങ്ങൾ വെട്ടിമാറ്റി. പലയിടങ്ങളിലും റെസ്ക്യൂ ടീമംഗങ്ങൾ ഗതാഗത തടസ്സം നീക്കി. ബിജു കക്കയം, സാദിഖ് ഓണാട്ട്, അമ്മദ് മുണ്ടേരി, മുജീബ് കൊടക്കൽ, പത്രോസ് പന്നിവെട്ടുപറമ്പിൽ, ലത്തീഫ് കൂരാച്ചുണ്ട്, കെ,സിറാജ് എന്നിവർ നേതൃത്വം നൽകി.ആറാം വാർഡിൽ കല്ലാനോട് പുല്ലൻപ്ലാക്കൽ ജയ്മോന്റെ പണി നടന്നുകൊണ്ടിരിക്കുന്ന വീടിന് മേൽ മരം വീണ് നാശനഷ്ടമുണ്ടായി. കുമ്പുക്കൽ തോമസിന്റെ വീടിന് മുൻവശത്തെ തൂൺ മിന്നലേറ്റ് തകർന്നു. പൂവത്തുംചോല താന്നിയാംകുന്ന് പാലാഞ്ചേരി വനജയുടെ കൃഷി കാറ്റില് നശിച്ചു. ജോൺസൺ എട്ടിയിൽ, എടാട്ടാംകുഴി ചെറിയാൻ എന്നിവരുടെ കാർഷിക വിളകൾ കാറ്റിൽ നിലംപൊത്തി.
കാറ്റിൽ മരം വീണ് 2 വൈദ്യുതി തൂണുകൾ നശിച്ചു. 15 സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു. കൂരാച്ചുണ്ട് സെക്ഷൻ കെഎസ്ഇബി അധികൃതരുടെ ശ്രമത്തിന്റെ ഫലമായി വൈദ്യുതി പുനഃസ്ഥാപിച്ചു.കായണ്ണ പഞ്ചായത്തിൽ ആറാം വാർഡിലെ എരപ്പാംതോട് ആലക്കുന്നത്ത് സീനത്തിന്റെ വീടിനു മേൽ തെങ്ങ് വീണ് നാശമുണ്ടായി. പഞ്ചായത്ത് അംഗം പി.കെ.ഷിജുവും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.





