
കുന്ദമംഗലം : കോഴിക്കോട് ഐ.ഐ.എമ്മിൽ ഈ അധ്യയനവർഷത്തെ മുൻനിര ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി. പി.ജി.പി. ഇൻ ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ്, പി.ജി.പി. ഇൻ ഫിനാൻസ്, ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മെന്റ് (പിഎച്ച്.ഡി.) കോഴ്‌സുകളാണ് തുടങ്ങിയത്. റെഗുലർ, ഫുൾടൈം പ്രോഗ്രാമുകളിലേക്ക് 601 പേരാണ് പ്രവേശനം നേടിയത്. ഇതിൽ 45 ശതമാനവും വനിതകളാണ്. 58 ശതമാനവും എൻജിനിയറിങ് ഇതര വിദ്യാർഥികളാണ്. നേപ്പാൾ, യു.എസ്.എ., യു.കെ., യു.എ.ഇ., ഒമാൻ, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള 12 അന്തർദേശീയ വിദ്യാർഥികളും പ്രവേശനംനേടിയവരിൽ ഉൾപ്പെടും.
ഇതാദ്യമായാണ് സ്ഥാപനം അതിന്റെ രണ്ടുവർഷത്തെ മുഴുവൻസമയ എം.ബി.എ. പ്രോഗ്രാമുകൾക്കും അന്താരാഷ്ട്ര വിദ്യാർഥികളെ ഉൾപ്പെടുത്തുന്നത്. 45 മലയാളികളാണ് ഈ വർഷം പ്രവേശനംനേടിയത്. ഏറ്റവുംപുതിയ ഐ.ഐ.എം.കെ. ബാച്ചിൽ എൻജിനിയറിങ് ഇതര പശ്ചാത്തലത്തിൽനിന്നുള്ള 58 ശതമാനം വിദ്യാർഥികളും സയൻസസ്, ഹ്യുമാനിറ്റീസ്, ആർട്സ്, കൊമേഴ്സ്, മെഡിക്കൽ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയ വൈവിധ്യമാർന്ന മേഖലയിൽനിന്നുള്ളവരാണ്. ചടങ്ങിൽ ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി അധ്യക്ഷനായി. പൂർവവിദ്യാർഥിയും ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും പാർട്ട്‌ണറുമായ വിവേക് മാന്ധാത മുഖ്യാതിഥിയായിരുന്നു. നവാഗതർക്കായി എട്ടുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം, ചർച്ചകൾ, പാനൽചർച്ചകൾ, പെഡഗോഗി, കേസ് ഓറിയന്റേഷൻ സെഷനുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.





