ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം! പുതിയ വേര്‍ഷൻ ഉടൻ അപ്ഡേറ്റ് ചെയ്തോളൂ

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ഗൂഗിള്‍. ഇത്തവണ പുതിയൊരു സുരക്ഷാ ഭീഷണിയാണ് ഗൂഗിള്‍ ക്രോം നേരിടുന്നത്.
ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുകയാണെങ്കില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വരെ വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍, മാക്ഒഎസ്, വിൻഡോസ്, ലിനക്സ് എന്നിവയിലുള്ള ക്രോം ബ്രൗസറുകള്‍ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ഗൂഗിള്‍ അടുത്തിടെ സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു. CVE-2023-6345 എന്ന കേടുപാടുകള്‍ക്ക് എതിരെയുള്ള അപ്ഡേറ്റാണ് ഗൂഗിള്‍ പുറത്തുവിട്ടത്. ഈ അപ്ഡേഷൻ ഉപയോഗിക്കാത്ത ഡിവൈസുകള്‍ സൈബര്‍ ആക്രമണത്തിന് വിധേയമായേക്കാം. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ ഉടൻ തന്നെ ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് CVE-2023-6345 എന്ന അപകടത്തെക്കുറിച്ച് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, ഇവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മാക്, ലിനക്സ് എന്നിവയ്ക്കുള്ള 119.0.6045.199 വേര്‍ഷനിലും വിൻഡോസിലെ 119.0.6045.199/.200 വേര്‍ഷനിലുമാണ് ഈ പ്രശ്നം ബാധിക്കുക. അതിനാല്‍, ഇവര്‍ ക്രോം അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി. അതേസമയം, അജ്ഞാത സോഴ്സുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മെസേജുകള്‍, ഇ-മെയിലുകള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ഫിഷിംഗ് മെയിലുകള്‍ വഴിയാണ് സൈബര്‍ തട്ടിപ്പുകള്‍ നടക്കാറുള്ളത്.





