Kozhikode

അതിർത്തിക്കല്ലിട്ടു, നാട്ടിയതിനെക്കാൾ വേഗത്തിൽ പിഴുതെറിഞ്ഞു; സംഘർഷം

Please complete the required fields.




കോഴിക്കോട്: സിൽവർ ലൈൻ പാതയ്ക്കായി നാട്ടിയ അതിർത്തിക്കല്ലുകൾ നാട്ടിയതിനെക്കാൾ വേഗത്തിൽ പിഴുതെറിഞ്ഞ് കല്ലായിയിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർ പ്രതിഷേധം കനപ്പിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്നലെ കല്ലായ് റെയിൽവേ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തെ ജനവാസ മേഖലയിൽ അതിർത്തിക്കല്ലുകൾ നാട്ടലും പിഴുതെറിയലും നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്നലെ പ്രതിഷേധം പലപ്പോഴും പൊലീസുമായുള്ള സംഘർഷത്തിലേക്കു നീങ്ങി. ഉച്ച വരെ നാട്ടിയ 8 കല്ലുകളും പ്രതിഷേധക്കാർ അരമണിക്കൂറിനകം പിഴുതെറിഞ്ഞു.

പ്രതിഷേധത്തിനു നേതൃത്വം നൽകിയ മുസ്‌ലിം ലീഗ്, ബിജെപി നേതാക്കൾ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധത്തിനിടയിൽ കുഴഞ്ഞുവീണ യുവതിയെ ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തിനു നേതൃത്വം നൽകിയവരെ കസ്റ്റ‍ഡിയിലെടുത്ത് പന്നിയങ്കര സ്റ്റേഷനിലേക്കു മാറ്റിയതിനു ശേഷം വീണ്ടും കല്ലുകൾ പുനഃസ്ഥാപിക്കാൻ തുടങ്ങിയെങ്കിലും അപ്പോഴേക്കും എം.കെ.രാഘവൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായെത്തുകയും പുനഃസ്ഥാപിച്ച 2 അതിർത്തിക്കല്ലുകൾ വീണ്ടും പിഴുതുമാറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ മാത്തോട്ടത്തും കണ്ണഞ്ചേരിയിലും സർവേക്കിടയിൽ പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടായിരുന്നതിനാൽ വൻ പൊലീസ് സന്നാഹത്തോടെയാണു കെ റെയിൽ ഉദ്യോഗസ്ഥർ എത്തിയത്. കല്ലായ് റെയിൽവേ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തുള്ള കളരിത്തൊടി, വെള്ളരിക്കണ്ടി പറമ്പ്, ഉപ്പേരിപറമ്പ് എന്നിവിടങ്ങളിൽ രാവിലെ പത്തോടെ ഉദ്യോഗസ്ഥർ എത്തുമ്പോൾ വീടുകളിൽ സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകളും കുട്ടികളും സംഘടിച്ചെത്തി പ്രതിഷേധിച്ചെങ്കിലും ഇതു വകവയ്ക്കാതെ പൊലീസ് സഹായത്തോടെ 3 വീടുകളുടെ മുറ്റത്ത് കല്ലുകൾ നാട്ടി. ഇതിനിടെ കൂടുതൽ സ്ത്രീകൾ പ്രതിഷേധക്കാർക്കൊപ്പം കൂടുകയും കല്ലുകൾ നാട്ടുന്നത് തടയുകയും ചെയ്തതോടെ സംഘർഷം ഉടലെടുത്തു.

ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പ്രദേശത്തെ 8 വീടുകളിൽ കല്ലിടൽ പൂർത്തിയാക്കിയെങ്കിലും അപ്പോഴേക്കും കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി ജില്ലാ ചെയർമാനും  മുസ്‌ലിംലീഗ് നേതാവുമായ ടി.ടി.ഇസ്മായിൽ, മുസ്‌ലിം ലീഗ് നേതാവ് എൻ.സി.അബൂബക്കർ, ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.റനീഷ്, സി.പി.വിജയകൃഷ്ണൻ, വിഷ്ണു പയ്യാനക്കൽ, സജീർ കൊമ്മേരി, പി.എ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചെത്തി. നാട്ടിയ കല്ലുകൾ ഒന്നൊന്നായി പിഴുതെറിഞ്ഞു. സംഘർഷം കണക്കിലെടുത്ത് സർവേയും കല്ലിടലും നിർത്തിവയ്ക്കണമെന്ന് എം.കെ.രാഘവൻ എംപി കെ റെയിൽ സ്പെഷൽ തഹസിൽദാരോട് ആവശ്യപ്പെട്ടെങ്കിലും കല്ലിടൽ തുടരാനായിരുന്നു മുകളിൽ നിന്നു കിട്ടിയ നിർദേശം. കല്ലിടലും പ്രതിഷേധവും പിഴുതെറിയലും വൈകിട്ടു വരെ തുടർന്നു.

Related Articles

Leave a Reply

Back to top button