
എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മുഴുവന്‍ സമയവും ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനും സ്ഥലത്ത് പോലീസിന്റെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനം. തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷനാണ് ഫയര്‍ വാച്ചേഴ്‌സിനെ നിയോഗിക്കാനുള്ള ചുമതല. ബ്രഹ്‌മപുരത്തെ മുഴുവന്‍ പ്രദേശവും ഫയര്‍ വാച്ചര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹരിത കേരളം മിഷന്‍, കുടുംബശ്രീ, ആരോഗ്യം, കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





