Kozhikode

തെരുവുനായ ആക്രമണം; കാത്തിരിക്കണം, നഷ്ടപരിഹാരത്തിനായി

Please complete the required fields.




കോഴിക്കോട് : നായകടിച്ചാൽ ദിവസങ്ങളോളം വേദനസഹിക്കണം. നഷ്ടപരിഹാരത്തുകയ്ക്ക് അപേക്ഷിച്ചാലോ മാസങ്ങളോളം കാത്തിരിക്കേണ്ടസ്ഥിതിയും. ജനുവരിമുതൽ ജൂൺവരെ സംസ്ഥാനത്ത് 622 അപേക്ഷകളാണ് സിരിജഗൻ കമ്മിറ്റിക്കുമുൻപാകെയെത്തിയത്. അതിൽ 27 അപേക്ഷകൾ കോഴിക്കോട്ടുനിന്നാണ്.

ഇതിനുപുറമേ, കമ്മിറ്റി അനുവദിച്ച തുക ലഭിക്കാത്തവരും ജില്ലയിലുണ്ട്. കമ്മിറ്റിയുടെ ഉത്തരവനുസരിച്ച് തദ്ദേശസ്ഥാപനങ്ങളാണ് നഷ്ടപരിഹാരംനൽകേണ്ടത്. എന്നാൽ, ഏഴുവർഷമായിട്ടും പഞ്ചായത്തിൽനിന്ന് നഷ്ടപരിഹാരത്തുക ലഭിക്കാതെ ജീവിക്കുന്നവരാണ് നന്മണ്ട സ്വദേശികളായ കമ്മിളി താനോത്ത് ശശിധരൻ, വ്യാപാരിയായ മടവൻകണ്ടി ഗണേശൻ, ഹബീബ് തരുവത്തിൽ, പാറക്കണ്ടി വാസു എന്നിവർ. 2018-ലാണ് ഇവർക്കുനേരേ നായയുടെ ആക്രമണമുണ്ടായത്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി തുകനൽകുന്നതിന് അംഗീകാരംനൽകിയിട്ടുണ്ടെങ്കിലും പഞ്ചായത്ത് തുക നൽകിയിട്ടില്ല. തെരുവുനായയുടെ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തും സെക്രട്ടേറിയറ്റും കയറിയിറങ്ങാൻതുടങ്ങിയിട്ട് കാലങ്ങളായെന്ന് വാസു പാറക്കണ്ടി പറഞ്ഞു.

പരിക്കേറ്റവർ നഷ്ടപരിഹാരംതേടി ദിവസവും അപേക്ഷയുമായെത്തുമ്പോഴും അതൊന്നും പരിഗണിക്കാനാകാതെ, നിസ്സഹായവസ്ഥയിലാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയും. തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സുപ്രീംകോടതിയാണ് 2016-ൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ നിയമിച്ചത്. സമിതിയിൽ ആരോഗ്യവകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, നിയമസെക്രട്ടറി എന്നിവർ അംഗങ്ങളാണ്. കഴിഞ്ഞവർഷം മേയ് ഒൻപതിലെ ഉത്തരവിലൂടെ തെരുവുനായകളുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതി അതത് ഹൈക്കോടതികളുടെ പരിഗണനയ്ക്കുവിട്ടു. ഇതോടെ കമ്മിറ്റിക്ക്‌ നിയമപരമായി പ്രവർത്തിക്കാൻകഴിയാത്ത സാഹചര്യമായി.നിലവിൽ പരാതി പരിഗണിക്കാനായി കമ്മിറ്റി സിറ്റിങ് നടത്തുന്നില്ല. കമ്മിറ്റിയുടെ പ്രവർത്തനം തുടരാൻ സർക്കാർ ഇതുവരെ നിർദേശമൊന്നും നൽകിയിട്ടുമില്ല. ഓഫീസും ജീവനക്കാരുമുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴുമുണ്ടെങ്കിലും സർക്കാരിന്റെ ഉത്തരവില്ലാതെ ഹിയറിങ്ങുകൾ തുടങ്ങാൻകഴിയില്ലെന്ന് സിരിജഗൻ കമ്മിറ്റി ഓഫീസ് അധികൃതർ വ്യക്തമാക്കി. പക്ഷേ, സർക്കാർ ഇതുവരെ ഒരു നിർദേശവും നൽകിയിട്ടില്ല. സർക്കാരിന്റെ ഉത്തരവുലഭിച്ചാൽ ഉടൻ ഹിയറിങ് ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button