Ernakulam

യാത്രക്കാർ ഞെട്ടി..! കൊച്ചി-ബംഗളൂരു വന്ദേഭാരതിൽ ചത്ത അണലി; വിഷ പാമ്പിനെ കണ്ടത് യാത്രക്കാരി ടോയ്‌ലറ്റിൽ പോയ സമയം

Please complete the required fields.




കൊച്ചി: യാത്ര തുടങ്ങാനൊരുങ്ങിയ വന്ദേഭാരത് എക്‌സ്‌പ്രസിൽ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി യാത്രക്കാർ ഞെട്ടി. ഇന്നലെ ഉച്ചയ്ക്ക് 2.20ന് കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ട്രെയിനിലെ സി6 കോച്ചിലെ 27-ാം നമ്പർ സീറ്റിലാണ് വിഷമുള്ള ചേനത്തണ്ടനെ കണ്ടെത്തിയത്.

ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സീറ്റിലിരുന്ന യാത്രക്കാരി ടോയ്‌ലറ്റിലേക്ക് പോയപ്പോഴാണ് സമീപത്തെ സഹയാത്രികരുടെ ശ്രദ്ധയിൽ പാമ്പ് പെട്ടത്.തൊട്ടടുത്ത സീറ്റിൽ ചെറിയ കുട്ടിയും ഉണ്ടായിരുന്നതിനാൽ സംഭവം യാത്രക്കാരിൽ ആശങ്കയുണ്ടാക്കി. തൃപ്പൂണിത്തുറ സ്വദേശികളായ കുടുംബമാണ് ആ സീറ്റിലിരുന്നത്. ഉടൻതന്നെ ടിക്കറ്റ് പരിശോധകനെയും ട്രെയിൻ ജീവനക്കാരെയും വിവരം അറിയിച്ചു.

ജീവനക്കാരെത്തി പാമ്പിനെ നീക്കം ചെയ്തു. പിന്നീട് ആ കുടുംബത്തിന് മറ്റൊരു സീറ്റ് അനുവദിച്ചു നൽകിയതായി യാത്രക്കാർ പറഞ്ഞു. സംഭവം യാത്രക്കാർ പകർത്തിയതോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
റെയിൽവേ മന്ത്രാലയത്തെ ടാഗ് ചെയ്തും നിരവധി പേർ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു. സംഭവം ഉണ്ടായിട്ടും ട്രെയിൻ യാത്ര തടസമില്ലാതെ കൃത്യസമയത്ത് തന്നെ തുടർന്നു. റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ടതിനാൽ പരാതി നൽകേണ്ടിവന്നില്ലെന്നും യാത്രക്കാർ അറിയിച്ചു.

ട്രെയിനിലെ ശുചീകരണ ജോലികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. എന്നാൽ ശുചീകരണത്തിനിടെ പാമ്പിനെ കണ്ടെത്തിയിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
സുരക്ഷാ സംവിധാനങ്ങൾ ഏറെയുള്ള വന്ദേഭാരത് എക്‌സ്‌പ്രസിനുള്ളിൽ പാമ്പ് എങ്ങനെ എത്തിയെന്നതിലാണ് പ്രധാനമായും അന്വേഷണം. മെക്കാനിക്കൽ വിഭാഗവും റെയിൽവേ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

ട്രെയിനിലെ ശുചീകരണ ചുമതല മെക്കാനിക്കൽ വിഭാഗത്തിനാണ് എന്നും റെയിൽവേ അറിയിച്ചു.

Related Articles

Back to top button