
കുന്ദമംഗലം: പോലീസുകാരുടെ നന്മയും കരുതലുംകൊണ്ട് അമ്പലപ്രാവിന് തിരികെക്കിട്ടിയത് പുതുജീവൻ. ചൊവ്വാഴ്ച ഉച്ചയോടെയാണ് കുന്ദമംഗലം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ മുകൾനിലയിൽ കാലിൽ നൂൽ ചുറ്റി ഓടിന്റെ അരികിൽ കുടുങ്ങിക്കിടക്കുന്ന അമ്പലപ്രാവിനെ സിപിഒ പൂതാളത്ത് അഖിൽ കാണുന്നത്. സിപിഒ പ്രജിത്തിനെയും എസ്സിപിഒ ഷൈജലിനെയും കൂട്ടി തോട്ടിയെടുത്ത് മുകൾനിലയിൽ കുടുങ്ങിയ പ്രാവിനെ താഴെയെത്തിച്ചു. കാലിൽ നൂൽ കുരുങ്ങിയതിനാൽ പറക്കാൻപറ്റാത്ത പ്രാവിനെയെടുത്ത് എസ്സിപിഒ വിജേഷും ഹോംഗാർഡുമാരും ചേർന്ന് നൂൽ കത്രികകൊണ്ട് മുറിച്ചെടുക്കുകയായിരുന്നു.
അവശനിലയിലായ പ്രാവിന് പ്രഥമശുശ്രൂഷയും തീറ്റയും വെള്ളവും കൊടുത്തശേഷം പറത്തിവിട്ടു. ചൊവ്വാഴ്ച വൈകീട്ടോടെ സ്റ്റേഷനിൽ വീണ്ടും പ്രാവ് പറന്നെത്തി. ജീവൻ തിരികെത്തന്നതിന് നന്ദിപറയാൻ തിരികെയെത്തിയതാവാമെന്നാണ് പോലീസുകാർ വിശ്വസിക്കുന്നത്. കെട്ടിടത്തിന്റെ ഇടനാഴിയിൽ രണ്ട് ബുൾബുളുകൾ കൂടുകൂട്ടി മുട്ടിയിടാനായി ഇപ്പോൾ എത്തിയിട്ടുമുണ്ട്.





