ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക്, ഗവർണർക്കായി വഴിതടഞ്ഞ് പൊലീസ്; സഹിക്കെട്ട് നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം

ബംഗളൂരു: ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയുമായി ആശുപത്രിയിലേക്ക് പോയ യുവാവ് റോഡിൽ കുടുങ്ങി. അരമണിക്കൂറോളം കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലാണ് സംഭവം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി 30 മിനിറ്റോളം ഈ റൂട്ടിൽ പൊലീസ് വാഹനം തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി യുവാവ് ഇതുവഴിയെത്തിയത്.അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമാണെന്ന് പറഞ്ഞിട്ട് പോലും വാഹനം കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. എച്ച്എഎൽ എയർപോർട്ടിൽ നിന്ന് ഗവർണർ പുറപ്പെടുന്നതിന് മുൻപ് തന്നെ വാഹനങ്ങൾ തടഞ്ഞിരുന്നു.
ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഗതാഗത നിയന്ത്രണത്തിൽ സഹിക്കെട്ട യുവാവ് ഐഎസ്ആർഒ ജംങ്ഷനിലെ സീബ്രാ ക്രോസിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.തുടർന്ന് ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഏറെ സമയം പൊലീസുമായി തർക്കിച്ചെങ്കിലും അവസാനം ഗവർണർക്ക് കടന്നുപോകാനായി യുവാവ് വഴിമാറുകയായിരുന്നു.





