
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ ഉൾപ്പെടുന്ന വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് റോഡിന്റെ സാധ്യത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.
ചുരം ബൈപാസ് യാഥാർഥ്യമാക്കി ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നിവേദനം നൽകിയപ്പോഴാണ് മന്ത്രിയുടെ മറുപടി. ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വി.കെ ഹുസൈൻ കുട്ടി, ടി.ആർ.ഒ കുട്ടൻ, ബിജു താന്നിക്കാക്കുഴി, ഗിരീഷ് തേവള്ളി, വി.കെ മൊയ്തു മുട്ടായി എന്നിവരാണ് നിവേദനം നൽകിയത്.





