
കോഴിക്കോട് : നടുവണ്ണൂർ അടുക്കളവരാന്തയിലുള്ള ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗം തകർന്നു. സ്ഫോടനത്തിൽ തൊട്ടടുത്തുള്ള രണ്ടുവീടുകൾക്ക് കേടുപറ്റി. നടുവണ്ണൂരിലെ മുള്ളമ്പത്ത് പ്രകാശന്റെ കൂട്ടാലിട റോഡ് ജങ്ഷനടുത്തുള്ള വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനശബ്ദം അരക്കിലോമീറ്റർ ചുറ്റളവിൽ കേട്ടിരുന്നു. സമീപത്തെ വീടുകളിൽ വിറയലുണ്ടായി.
അടുക്കളയുടെ ഒരുവശത്തെ ചുമർ പാടേ തകർന്നു. അടുക്കളയിലെ മേൽക്കൂരയിലിട്ട ഷീറ്റ് തകർന്നു. ഗ്യാസ് സ്റ്റൗ തകരാറിലായി. സ്റ്റൗ വെച്ച തിണ, കിച്ചൺ കപ്‌ബോർഡ്, വർക്ക് ഏരിയയുടെ വരാന്തയിലെ ടൈൽസ്, തൊട്ടടുത്തുള്ള അലക്കുകല്ല്, അടുക്കളയിൽവെച്ച വാഷിങ് മെഷീൻ എന്നിവയും തകരാറിലായി. പ്രകാശന്റെ സഹോദരൻ പ്രസാദിന്റെ വീടിന്റെ ഒരു ജനൽപ്പോളയും തകർന്നു. മറ്റ് മൂന്ന് ജനലിന്റെ ചില്ലും പൊളിഞ്ഞു.
സിലിൻഡറിന്റെ പകുതിഭാഗം വന്നുവീണാണ് ജാലകം പൊളിഞ്ഞത്. ജനലുള്ളമുറിയിൽ രണ്ട് കുട്ടികളടക്കം അഞ്ചുപേർ ഉറങ്ങുന്നുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള ദ്വാരകയിൽ ദിവാകരൻനായരുടെ വീടിന്റെ ജനൽച്ചില്ലും പൊട്ടി.
സ്ഫോടനംനടന്ന വീടിന്റെ സ്റ്റൗവുമായി ബന്ധിപ്പിച്ച സിലിൻഡറിനടുത്ത് ഗ്യാസില്ലാത്ത ഒരു സിലിൻഡറും സൂക്ഷിച്ചിരുന്നു. സ്ഫോടനത്തിൽ രണ്ട് സിലിണ്ടറും പൊട്ടിത്തെറിച്ചു. ഇതിന്റെ കഷണങ്ങൾ വന്നുവീണതുകൊണ്ടാണ് മറ്റുവീടുകളുടെ ജനലുകൾക്ക് കേടുപറ്റിയത്.സ്ഫോടനംനടന്ന വീടിന്റെ പിന്നിലുള്ള മുള്ളമ്പത്ത് അയ്യപ്പഭജനമഠത്തിൽ കർപ്പൂരാരാധന ഉത്സവത്തിനിട്ട പായകളും കത്തിനശിച്ചു. സ്ഫോടനവിവരമറിഞ്ഞ് പേരാമ്പ്രയിലെ അഗ്നിക്ഷാസേനയുടെ രണ്ടുയൂണിറ്റ് സ്ഥലത്തെത്തി. ബാലുശ്ശേരി സിഐ ജിതേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി.
ബാലുശ്ശേരിയിൽനിന്ന് ഡോഗ് സ്ക്വാഡുമെത്തി. കോഴിക്കോട് സയിന്റിഫിക് ലാബോറട്രിറിയിൽനിന്ന് ഫൊറൻസിക് വിഗ്ധരെത്തി പരിശോധന നടത്തി.





