പാത്രം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്

തിരുവനന്തപുരം: 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
അയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്നു മാസം അധിക തടവ് കൂടി അനുഭവിക്കണം എന്ന് കോടതി വ്യക്തമാക്കി.
2021 ഓഗസ്റ്റ് 13ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി കുട്ടിയുടെ വീട്ടിൽ നിന്ന് ഭക്ഷണം പാത്രത്തിൽ വാങ്ങിയിരുന്നു. ഈ പാത്രം തിരിച്ചുവാങ്ങാൻ പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
കടന്നുപിടിച്ച പ്രതിയെ തള്ളിയിട്ടതിനുശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞു. തുടർന്ന്, അയിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ്ർ വിജയ് മോഹൻ ഹാജരായി. കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു.
13 രേഖകൾ ഹാജരാക്കി. അയിരുർ എസ് ഐയായിരുന്ന ആർ സജീവാണ് കേസ് അന്വേഷിച്ചത്. പിഴ തുക ഈടാക്കി കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്




