Kottayam

കോവിഡിനേക്കാൾ അപകടകാരിയായ പക്ഷിപ്പനി, വാക്‌സിന് ശ്രമിക്കാത്തത്‌ മനുഷ്യസുരക്ഷയെ കരുതി

Please complete the required fields.




കോട്ടയം: കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്ത്‌ 10 വർഷം പിന്നിട്ടിട്ടും, ഉപയോഗിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുകൾ വാക്സിൻ വികസിപ്പിക്കാൻ തടസ്സമാകുന്നു. ഈ വർഷംതന്നെ കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഒട്ടേറെ താറാവുകളും കോഴികളുമാണ്‌ പക്ഷിപ്പനി (എച്ച്‌5 എൻ1) പിടിപെട്ട്‌ ചത്തത്‌. പക്ഷിപ്പനി പ്രതിരോധത്തിന്‌ വാക്സിൻ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല.

പക്ഷികളിൽ വാക്സിൻ പ്രയോഗിക്കുന്നത് മനുഷ്യന് കൂടുതൽ അപകടം വരുത്താനുള്ള സാധ്യത മുൻനിർത്തിയാണ്‌ വേൾഡ്‌ ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്തിൽ അംഗങ്ങളായ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വാക്സിൻ കണ്ടെത്താൻ കാര്യമായി ശ്രമിക്കാത്തത്‌. ഇപ്പോൾ വളർത്തുപക്ഷികളിൽ രോഗം പിടിപെട്ടാൽ ലക്ഷണങ്ങൾ വളരെവേഗം പുറത്തുവരുന്നു. അവയെ കൊന്നൊടുക്കുന്നതിലൂടെ രോഗവ്യാപനം പെട്ടെന്ന് തടയാനും കഴിയുന്നുണ്ട്‌.കോഴി, താറാവ്‌ തുടങ്ങിയ ‌വളർത്തുപക്ഷികൾക്ക്‌ പക്ഷിപ്പനി പ്രതിരോധവാക്സിൻ കൊടുത്താൽ രോഗലക്ഷണങ്ങളുണ്ടാകില്ല. അവ രക്ഷപ്പെടും. എന്നാൽ വൈറസുകൾ ഉള്ളിലുണ്ടാവും. അവയുടെ വിസർജ്യത്തിലൂടെ വൈറസ്‌ പുറത്തുവന്ന് വ്യാപിക്കും. ഇത്‌ തിരിച്ചറിയാൻ കഴിയില്ല.

മനുഷ്യരിലേക്ക്‌ രോഗം പടർന്നാൽ മാത്രമേ പിന്നീട്‌ തിരിച്ചറിയാൻ കഴിയൂ. അങ്ങനെവന്നാൽ നിയന്ത്രിക്കാനാവാത്ത വേഗത്തിൽ വ്യാപിച്ചേക്കാമെന്നാണ്‌ വിലയിരുത്തൽ. കോവിഡിനേക്കാൾ അപകടകാരിയാണ്‌ പക്ഷിപ്പനിക്ക്‌ കാരണമാകുന്ന ഏവിയൻ ഇൻഫ്ളുവൻസ വൈറസ്‌.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഇതുവരെ 900 മനുഷ്യരിൽ മാത്രമേ പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

Related Articles

Back to top button