താമരശ്ശേരിയില്‍ വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലന്‍സ് ജീവനക്കാരും ആശാ പ്രവര്‍ത്തകരും രക്ഷകരായി

താമരശ്ശേരി: വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലന്‍സ് ജീവനക്കാരും ആശാ പ്രവര്‍ത്തകരും രക്ഷകരായി. താമരശ്ശേരി പുല്ലാഞ്ഞിമേടില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഷഹജിലിന്റെ ഭാര്യ ഗുലിസ്ത(26)നാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ഇന്നലെ രാവിലെ 9.30ന് ആയിരുന്നു സംഭവം. പ്രസവവേദന അനുഭവപ്പെട്ട ഉടനെ ഗുലിസ്ത വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കി. വീട്ടുകാര്‍ ഉടനെ വിവരം ആശാ പ്രവര്‍ത്തകരെ അറിയിച്ചു. ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്നവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനവും തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് മുഹമ്മദ് നൗഷീര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നിഖില്‍ വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി.
ഇതിനിടയില്‍ ആശാ പ്രവര്‍ത്തകരായ ജയശ്രീ, ലീല എന്നിവര്‍ സ്ഥലത്തെത്തി. പിന്നാലെ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നിഖില്‍ വര്‍ഗീസ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സിലേക്ക് മാറ്റി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.





