
മഞ്ചേരി : വിപണിയിൽ അരലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മഞ്ചേരി കോഴിക്കാട്ടുക്കുന്ന് സ്വദേശി വടക്കേതൊടി ചിറക്കൽ വീട്ടിൽ മുഹമ്മദ് അൽഷിദാണ് (22) മഞ്ചേരി റേഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് വ്യാപകമായി രാസ ലഹരി വിൽപന നടത്തുന്ന സംഘത്തെക്കുറിച്ച് മഞ്ചേരി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രധാന വിൽപനക്കാരനായ മുഹമ്മദ് അൽഷിദിനെ മഞ്ചേരി കോവിലകം കുണ്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
യുവാക്കൾക്കിടയിൽ കല്ല്, പൊടി എന്നീ ഇരട്ടപ്പേരുകളിലാണ് രാസലഹരി വിതരണം ചെയ്തിരുന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.
മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ടി. ഷിജു, പ്രിവന്റിവ് ഓഫിസർ എൻ. അബ്ദുൽ വഹാബ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് എം.പി. മുഹമ്മദലി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി. സാജിദ്, ടി. ശ്രീജിത്ത്, വി. സച്ചിൻദാസ്, വനിത സിവിൽ എക്സൈസ് ഓഫിസർ സനീറ, എക്സൈസ് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





