
കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് ആഹ്വാനംചെയ്ത ഹർത്താൽ ജില്ലയിൽ പലയിടത്തും അക്രമാസക്തം. കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ 14 വാഹനങ്ങൾ കല്ലേറിൽ തകർന്നു. രണ്ടു കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്ക് പരിക്കേറ്റു. സ്വകാര്യവാഹനങ്ങൾ പരിമിതമായ എണ്ണം മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
ജില്ലയിൽ മൊത്തം 53 പേരെ പോലീസ് അറസ്റ്റുചെയ്തു. 15 പേരെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറലിൽമാത്രം 27 പേരെ അറസ്റ്റുചെയ്തു. കോഴിക്കോട് നഗരത്തിൽ പോലീസ് ഏഴ് കേസുകളെടുത്തിട്ടുണ്ട്. ഇവരിൽ ആരേയും പിടികൂടാനായിട്ടില്ല.
ബൈക്കിലെത്തിയവരാണ് പലയിടത്തും വാഹനങ്ങൾ കല്ലെറിഞ്ഞ് തകർത്തത്. അക്രമം നടത്തിയശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു. കോഴിക്കോട് സിവിൽസ്റ്റേഷനു സമീപത്തും ഫറോക്കിലും കെ.എസ്.ആർ.ടി.സി. ബസുകൾക്ക് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർമാർക്ക് പരിക്കേറ്റു.





