Kerala

മോൻസൻ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രണ്ടാം പ്രതി

Please complete the required fields.




മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. സുധാകരനെ രണ്ടാം പ്രതിയായി ചേർത്താണ് ക്രൈം ബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസും അയച്ചിട്ടുണ്ട്. മറ്റന്നാൾ കളമശ്ശേരി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം.

മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ തന്നെ അറിയിച്ചിരുന്നു. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കൽ കുടുങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. ആ ചിത്രത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസനും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റുമുണ്ടായിരുന്നു. സുധാകരനുമായി മോൻസന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാർ പരാതിയിൽ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Back to top button