Palakkad

തീവണ്ടിയില്‍നിന്ന് കടിയേറ്റു; പാമ്പെന്ന സംശയത്തില്‍ വനിതാ ഡോക്ടറെ ആശുപത്രിയിലാക്കി

Please complete the required fields.




ഷൊര്‍ണൂര്‍: തീവണ്ടിയിലെ യാത്രക്കാരിയായ ഡോക്ടര്‍ക്ക് പാമ്പ് കടിയേറ്റതായി സംശയം. നിലമ്പൂരില്‍ നിന്നും ഷൊര്‍ണൂരിലേക്ക് വരുന്നവഴി വല്ലപ്പുഴ സ്റ്റേഷനില്‍ എത്തുംമുമ്പാണ് യാത്രക്കാരിക്ക് സീറ്റിനടിയില്‍ നിന്നും കാലില്‍ കടിയേറ്റത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ഷൊര്‍ണൂര്‍ കുളപ്പുള്ളി വിഷ്ണു ആയുര്‍വേദ ആശുപതിയിലെ ഡോക്ടര്‍ നിലമ്പൂര്‍ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി(25)ക്കാണ് കടിയേറ്റത്. വൈകാതെ ഗായത്രിയെ വല്ലപ്പുഴ സ്റ്റേഷനിലിറക്കി സമീപത്തെ ക്ലിനിക്കിലെത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വിഷാംശമേറ്റിട്ടില്ലെന്ന് വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. സംഭവത്തോടെ തീവണ്ടി ഷൊര്‍ണൂരില്‍ എത്തി തിരികെ നിലമ്പൂരിലേക്ക് പോകുന്നതിന് മുമ്പായി ഡോക്ടര്‍ യാത്ര ചെയ്തിരുന്ന കോച്ചിലെ യാത്രക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ശേഷം പരിശോധനയ്ക്കായി ശുചീകരണ തൊഴിലാളിയെയും സാങ്കേതിക ജീവനക്കാരനെയും നിയോഗിച്ചു.പിന്നീട് നിലമ്പൂരിലെത്തിയാണ് കോച്ച് പരിശോധിച്ചത്. നിലമ്പൂര്‍ സ്റ്റേഷനില്‍ ഇതിനോടകം വനംവകുപ്പ് ജീവനക്കാര്‍ എത്തിയിരുന്നു. ഇവര്‍ ഒരു പാമ്പ് പിടുത്തക്കാരനെയും സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. പരിശോധനയില്‍ കോച്ചില്‍ നിന്നും എലിയെ കണ്ടതായാണ് റെയില്‍വെ സുരക്ഷാ സേന നല്‍കുന്ന വിവരം. അതുകൊണ്ടുതന്നെ പാമ്പായിരിക്കില്ല കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button