
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻന്മാരുടെ ഒഴിവ് നികത്താൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റിനെ (എൻഎജെആർ) നിയമിക്കാൻ ഉത്തരവായെങ്കിലും നിയമനം നടത്തിയില്ല. ഈ മെല്ലെപ്പോക്ക് മെഡിക്കൽ കോളേജിലെ ചികിത്സാസംവിധാനത്തെ പ്രതികൂലമായി ബാധിക്കും. ജൂൺ 23-ന് നിലവിലെ 2019 ബാച്ച് മെഡിക്കൽ വിദ്യാർഥികളുടെ ഹൗസ് സർജൻ കാലാവധി കഴിഞ്ഞു.
എൻഎജെആർ വ്യവസ്ഥയിൽ 120 പേരെ നിയമിക്കാനുള്ള ഉത്തരവ് ജൂൺ 14-ന് പുറത്തിറങ്ങി. വിദ്യാർഥികൾ അപേക്ഷ ഓൺലൈനായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (ഡിഎംഇ) നൽകിയെങ്കിലും തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
നിയമനം വൈകുന്നതിൽ പിജി ഡോക്ടേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. പലവിഭാഗങ്ങളിലും അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റെസിഡന്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലുണ്ടാവുന്ന അമിതജോലിഭാരം പ്രധാനമായും ഏറ്റെടുക്കേണ്ടിവരുന്നത് പിജി ഡോക്ടർമാരാണ്. മഴക്കാലമായതിനാൽ രോഗികളുടെ എണ്ണത്തിൽ വർധനയാണുണ്ടായത്. ഇത്തരത്തിൽ കാര്യങ്ങൾ പോയാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഭവിച്ചതുപോലെ രോഗികളുടെ കൂട്ടിരിപ്പുകാർ ഡോക്ടർമാരെ മർദിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് പിജി ഡോക്ടർമാർ പറയുന്നു. ഈ പ്രശ്നത്തിന് അടിയന്തരപരിഹാരം കണ്ടെത്തിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് പിജി അസോസിയേഷൻ അറിയിച്ചു.





