Kasargod

തൃക്കരിപ്പൂരിൽ വോട്ടിങ് യന്ത്രത്തിലെ പിഴവ്: 990 വോട്ടുകൾ എണ്ണുന്നത് വിവിപാറ്റ് സ്ലിപ്പുകൾ വഴി

Please complete the required fields.




കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തിൽ വോട്ടെണ്ണൽ നടപടികളിൽ മാറ്റമുണ്ടാകും. പോളിങ് ദിവസം മോക്ക് പോൾ ചെയ്ത വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ (EVM) നിന്ന് നീക്കം ചെയ്യാൻ വിട്ടുപോയതാണ് ഇതിന് കാരണമായത്.

യന്ത്രത്തിൽ 990 വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിൽ മോക്ക് പോൾ സമയത്ത് ചെയ്ത 50 വോട്ടുകൾ കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ ആദ്യഘട്ടത്തിൽ ഈ ബൂത്തിലെ വോട്ടുകൾ എണ്ണില്ല.
യന്ത്രത്തിൽ നിന്ന് വോട്ടുകൾ മാറ്റിയില്ലെങ്കിലും വിവിപാറ്റ് (VVPAT) മെഷീനിൽ നിന്ന് മോക്ക് പോൾ സ്ലിപ്പുകൾ കൃത്യമായി നീക്കം ചെയ്തിരുന്നു. അതിനാൽ വിവിപാറ്റ് മെഷീനിൽ നിലവിലുള്ളത് വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകൾ മാത്രമാണ്.

വോട്ടെണ്ണൽ ദിവസം മറ്റ് ബൂത്തുകളിലെ നടപടികൾ പൂർത്തിയായ ശേഷം ഈ ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയാണ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് തിട്ടപ്പെടുത്തുക. ഓരോ മണ്ഡലത്തിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനൊപ്പമായിരിക്കും ഈ ബൂത്തിലെയും സ്ലിപ്പുകൾ പരിശോധിക്കുക.
മോക്ക് പോൾ സമയത്ത് ഏജന്റുമാർ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റും അധികൃതരുടെ പക്കലുണ്ട്. വോട്ടിങ് യന്ത്രത്തിൽ നിന്ന് വോട്ടുകൾ മാറ്റിയിട്ടില്ലെന്ന കാര്യം സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ ബോധ്യപ്പെടുത്തുകയും അവരിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മോക്ക് പോൾ സ്ലിപ്പുകൾ നിലവിൽ പ്രത്യേക കവറിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button