
കോഴിക്കോട് : കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചാലിക്കര കായല്‍മുക്ക് സ്വദേശിയായ തൈവച്ച പറമ്പില്‍ ബഷീറിന്റെ മകന് റാഷിദ് (26)ആണ് മരിച്ചത്. ബാലുശ്ശേരി ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെ ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കണയങ്കോട്ട് പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. പാലത്തിന് സമീപത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് പുഴയില്‍ ആരോ ചാടിയെന്ന സംശയമുയര്‍ന്നത്. പിന്നീട് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.
പേരാമ്പ്ര ചാലിക്കര സ്വദേശിയുടെ ബൈക്കാണിതെന്ന വിവരം ലഭിച്ചിരുന്നു. യുവാവിനായി അത്തോളി പൊലീസും കൊയിലാണ്ടിയില്‍ നിന്നെത്തിയ സ്കൂബ ഡൈവിംഗ് ടീം അടക്കമുള്ള ഫയര്‍ഫോഴ്സ് സംഘവും, നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഒള്ളൂര് കടവ് പാലത്തിനുസമീപം കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.





