കോഴിക്കോട് വിൽക്കാൻ ശ്രമിച്ച ചത്ത കോഴികൾക്ക് ശ്വാസകോശ രോഗം; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

കോഴിക്കോട്: നഗരത്തില്‍ വില്ക്കാന് ശ്രമിച്ച ചത്ത കോഴികള്‍ക്ക് ശ്വാസകോശ രോഗം ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 24 മണിക്കൂര്‍ മുന്‍പ് ചത്ത കോഴികള്‍ ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. നഗരത്തില്‍ പരിശോധന വര്‍ധിപ്പിക്കാനാണ് തീരുമാനം. നടക്കാവിലും എരഞ്ഞിക്കലും പുതിയപാലത്തും ഉള്ള കോഴികടകളില്‍ നിന്നാണ് വില്ക്കാന് സൂക്ഷിച്ച ചത്തകോഴിയെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഇവയ്ക്ക് ശ്വാസകോശരോഗമുണ്ടെന്ന് കണ്ടെത്തി. ന്യുമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിലേയ്ക്കും ബേക്കറികളിലേയ്ക്കും ഇറച്ചിയും കോഴിയും വിതരണം ചെയ്യുന്ന കേന്ദ്രമായതിനാല്‍ അതീവ ഗൗരവത്തോടെയാണ് കോര്പ്പറേഷന് ഇതിനെ കാണുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കോഴികടകള്ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് തീരുമാനം. ചത്ത കോഴി കഴിച്ചാല്‍ കടുത്ത ഭക്ഷ്യവിഷബാധയുണ്ടാകുമെന്നതിനാല് ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു





