
താമരശ്ശേരി: കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ നവീകരിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നു. ഓഫിസ് ബ്ലോക്ക്, ബസ് ടെർമിനൽ, പാസഞ്ചേഴ്സ് ലോഞ്ച്, മൾട്ടി പ്ലെക്സ് തിയറ്റർ, ഷീ ലോഡ്ജ്, റസ്റ്ററന്റ്, ഫുഡ് കോർട്ട്, കഫറ്റേരിയ മിനി കോൺഫറൻസ് ഹാൾ, ഫ്യുവൽ കോർണർ, ഷോപ്പിങ് കോംപ്ലക്സ്, റിട്ടയർമെന്റ് റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ ബഹുനില കെട്ടിട സമുച്ചയം നിർമിക്കുന്നത്.ബിഒടി അടിസ്ഥാനത്തിൽ 2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. എം.കെ. മുനീർ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരത്ത് മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ഇതിനായി 6 മാസത്തിനുള്ളിൽ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാർ അനുമതി ലഭ്യമാക്കും. സമയ ബന്ധിതമായി പണി പൂർത്തിയാക്കുന്നതിന് ശിലാസ്ഥാപനം മുതൽ ഉദ്ഘാടനം വരെയുള്ള വർക്ക് കലണ്ടർ തയാറാക്കാൻ യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ബിഒടി അടിസ്ഥാനത്തിൽ 30 വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിർമാണം നടത്തുന്നത്. വർക് ഷോപ്പ് സൗകര്യ പ്രദമായ സ്ഥലത്തേക്കു മാറ്റി നിലവിലുള്ള 1.10 ഏക്കർ ഇതിനായി വിനിയോഗിക്കാനാണ് തീരുമാനം.യോഗത്തിൽ എം.കെ.മുനീർ എംഎൽഎ, മുൻ എംഎൽഎ വി.എം. ഉമ്മർ, കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദു റഹിമാൻ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





