Kozhikode

യുവാവിനെ തട്ടിക്കൊണ്ടുപോയി അരീക്കോട് സ്റ്റാൻ്റിൽ ഉപേക്ഷിച്ചവർ എം.ഡി.എം.എ.യുമായി പിടിയിൽ

Please complete the required fields.




അരീക്കോട് : യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികളെ എം.ഡി.എം.എ.യുമായി എടക്കര പോലീസ് അറസ്റ്റുചെയ്തു. വഴിക്കടവ് കാരക്കോട് ആനപ്പാറ ഇൻഷാദ് (26), പഞ്ചായത്തുപടി അമീർ സുഹൈൽ (25) എന്നിവരെയാണ് ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

രണ്ട് ദിവസംമുൻപ് എടക്കരയിലെ വസ്ത്രവ്യാപാരകേന്ദ്രത്തിൽ ജോലിചെയ്യുന്ന യുവാവിനെയാണ് ഗൂഡല്ലൂരിലെ വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്നപ്പോൾ ഇവർ തട്ടിക്കൊട്ടുപോയത്. കാറിൽക്കയറ്റി താമരശ്ശേരി വഴി കൊണ്ടുപോയി കോഴിക്കോട് ചേവായൂരിലെ ലോഡ്ജിൽവെച്ച് നിർബന്ധിച്ച് മദ്യംനല്കി രണ്ടരലക്ഷം രൂപയുടെ സ്വർണമാലയും മൊബൈൽഫോണും കവർന്നുവെന്നാണ് കേസ്. പിന്നീട് അരീക്കോട് ബസ്‌സ്റ്റാൻഡിൽ ഇറക്കിവിട്ടു. തുടർന്ന് യുവാവ് എടക്കര സ്റ്റേഷനിൽ പരാതി നല്കി.

അന്വേഷണത്തിനിടെ വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ കാറിൽ സഞ്ചരിച്ച പ്രതികളെ മുപ്പിനിയിൽവെച്ച് അറസ്റ്റുചെയ്തു. പരിശോധനയിൽ പത്ത് ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച രണ്ട് ഗ്രാം എം.ഡി.എം.എയും കവർന്നെടുത്ത മാലയും മൊബൈൽഫോണും കാറിൽനിന്ന് കണ്ടെടുത്തു.

നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയതിന് ഉൾപ്പെടെ ഇവർക്കെതിരേ കേസെടുത്തു. എസ്.ഐ. അബ്ദുൾഹക്കിം, എ.എസ്.ഐ. കെ. രതീഷ്, പോലീസുകാരായ ഷെഫീഖ്, ഡാൻസാഫ്, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫലി, കെ.ടി. നിബിൻദാസ്, ടി. ജിയോ. ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button