
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൃദയഭാരത്തോടെയാണ് സഹലിനോട് വിട പറയുന്നതെന്ന് ക്ലബ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സഹൽ ഇനി ബൂട്ടണിയുക മോഹൻബഗാന്‍ സൂപ്പര്‍ ജയിന്‍റ്സിന് വേണ്ടിയാകും. വെളിപ്പെടുത്താനാകാത്ത തുകയ്ക്കാണ് കൈമാറ്റമെന്ന് ക്ലബ് വാർത്താ കുറിപ്പിൽ പറഞ്ഞു. സഹലിനായി ഒരു കളിക്കാരനെയും കൈമാറും. ഹൃദയഭാരത്തോടെയാണ് സഹലിനെ കൈമാറുന്നത്. മുന്നോട്ടുള്ള യാത്രയിൽ നന്മ നേരുന്നു – ക്ലബ് പറഞ്ഞു.
അതേസമയം സഹലും ബഗാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആഴ്ചകളോളമായി നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഹലിന് വേണ്ടി 2.5 കോടി രൂപയുടെ ട്രാന്‍സ്ഫര്‍ തുകയും കൂടെ ഒരു താരത്തെയും ബ്ലാസ്റ്റേഴ്സിന് നല്‍കാമെന്നാണ് ബഗാന്റെ വാഗ്ദാനം. ഈ ഓഫര്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പല ഐഎസ്എല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡീല്‍ നടക്കുകയാണെങ്കില്‍ ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരിക്കും സഹലിന്റെ ട്രാന്‍സ്ഫര്‍. നിലവില്‍ 2025 വരെയാണ് ബ്ലാസ്റ്റേഴ്സില്‍ താരത്തിന്റെ കരാര്‍.
സന്തോഷ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ, 2018 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിലൂടെയാണ് സഹൽ കേരള ക്ലബിലെത്തിയത്. 2018 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്‌സിനായി 92 കളികളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. പത്തു ഗോളും നേടി. ഇന്ത്യൻ ടീമിലും സ്ഥിരസാന്നിധ്യമാണ്. ഈയിടെ അവസാനിച്ച സാഫ് കപ്പിലും ഇന്റർകോണ്ടിനന്റൽ കപ്പിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ത്യൻ ജഴ്‌സിയിൽ 30 മത്സരങ്ങളിൽനിന്ന് മൂന്നു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്യാംപിനായി കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങിയിരുന്നു. അഡ്രിയൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, പുതുതായി എത്തിയ ഓസ്ട്രേലിയൻ താരം ജോഷ്വ സത്തിരിയോ തുടങ്ങിയവരെല്ലാം പരിശീലനത്തിൽ പങ്കെടുത്തു. പുതിയ അസിസ്റ്റന്റ് കോച്ച് ടി.ജി.പുരുഷോത്തമനും ക്യാംപിലെത്തി. എന്നാൽ മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് എത്തിയിട്ടില്ല. ആഗസ്റ്റ് 3 മുതൽ നടക്കുന്ന ഡ്യുറാൻഡ് കപ്പാണ് ടീമിന്റെ ആദ്യ വെല്ലുവിളി.





