
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമെതിരായ കേസുകളിൽ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു . മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ. സുധാകരന്റെ അറസ്റ്റിന് ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നതായാണ് വിവരം. ഇതോടെ, മുൻകൂർ ജാമ്യത്തിന് കെ. സുധാകരൻ നീക്കം തുടങ്ങി. അതിനായി ഹൈകോടതിയെ സമീപിക്കാനാണ് ആലോചന.
മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് . ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫിസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് നോട്ടീസും നൽകി.
എന്നാൽ, സുധാകരൻ ഹാജരാകില്ലെന്നും പകരം സമയം നീട്ടിചോദിക്കുമെന്നും അറിയിച്ചു . അതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വിജിലൻസ് കേസിന്റെ പ്രാഥമികാന്വേഷണ ചുമതല തിരുവനന്തപുരം പ്രത്യേക യൂണിറ്റിന് നൽകിയിരിക്കുകയാണ് .
2018ലെ പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ നടപ്പാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയാണ് അന്വേഷണത്തിന് വിഷയമരിക്കുന്നത് . കെ. സുധാകരനെതിരെയെന്ന പോലെ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കാമെന്ന നിർദേശം വിജിലൻസിനും ലഭിച്ചിട്ടുണ്ട്.





