മഹാരാജാസ് കോളജിലെ മരംമുറിക്കല്‍; സൂപ്രണ്ടിന്റെ ശബ്ദരേഖ പുറത്ത്; മരംമുറിച്ചത് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം

എറണാകുളം മഹാരാജാസ് കോളജിലെ അനധികൃത മരംമുറിക്കല്‍ കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. കോളജ് സൂപ്രണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ മധ്യസ്ഥതയ്ക്ക് വിളിയ്ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ശബ്ദരേഖ മരംകടത്ത് അന്വേഷിക്കുന്ന ഉപസമിതിക്ക് കൈമാറി. maharajas college tree felling
കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരമാണ് മരംമുറിക്കല്‍ നടന്നതെന്ന് ശബ്ദരേഖയില്‍ വ്യക്തമാകുന്നു. പുറത്തേക്കുകൊണ്ടുപോയത് പാഴ്മരമാണെന്നും സൂപ്രണ്ട് കെ എസ് ജയദേവ് വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്. മരംമുറിയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്നും മരംമുറിക്കലിന് ആര്‍ക്കും അനുമതി നല്‍കിയില്ലെന്നും പ്രിന്‍സിപ്പല്‍ മാത്യു ജോര്‍ജ് ആവര്‍ത്തിക്കുന്നതിനിടയിലാണ് ശബ്ദരേഖ പുറത്തുവരുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് കെ രാജുവുമായി കോളജ് സൂപ്രണ്ട് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
കോളജിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഏറെനാളുകളായി ചാഞ്ഞുനില്‍ക്കുന്ന മരം മുറിക്കാന്‍ ഒരു നടപടിയും എടുക്കാതെ മറ്റ് മരങ്ങളാണ് മുറിക്കുന്നത്. പ്രിന്‍സിപ്പില്‍ പറഞ്ഞാണ് മരം കൊണ്ടുപോകുന്നത് എന്നാണ് സൂപ്രണ്ട് ആവര്‍ത്തിക്കുന്നത്. കടത്തിയത് പാഴ്മരമല്ലെന്നും ഇതിന്റെ മറവില്‍ കൂടുതല്‍ മരങ്ങള്‍ കോളജില്‍ നിന്ന് മുറിച്ചുകടത്തിയതായി വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നുണ്ട്.
ടെന്‍ഡര്‍ നടപടികളോ വനം വകുപ്പിന്റെ അനുമതിയോ കൂടാതെ അനധികൃതമായാണ് കാമ്പസിലെ മരങ്ങള്‍ മുറിച്ചു കടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനില്‍ക്കുകയായിരുന്ന മരം വാട്ടര്‍ അതോറിറ്റി തന്നെയാണ് കോളജിന്റെ അനുമതി വാങ്ങി വെട്ടിമാറ്റിയത്. മരം മുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. അവധി ദിവസം നോക്കി ഈ മരങ്ങള്‍ കടത്തുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പനയും ആലും മുറിച്ചുകടത്തിയിട്ടുണ്ട്.





