
കോഴിക്കോട്: നാദാപുരം ചേലക്കാട് ഭാഗത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കി. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പത്തോളം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചേലക്കാട് എസ് എച്ച് മദ്രസ ഹാളിൽ നടന്ന മെഡിക്കൽ പരിശോധനക്ക് താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: ടി ലിനീഷ്, ഡോ : ഫാത്തിമത്ത് സുഹറ എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ എച്ച് ഐ മാരായ പ്രസാദ്. സി , ബാബു. കെ എന്നിവർ സംബന്ധിച്ചു.ജെ. എച്ച്. ഐ, ജെ.പി എച്ച്.എൻ, എം. എൽ. എസ്. പി. നഴ്‌സുമാരും, ആശവർക്കർമാരും വീട് കയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നുണ്ട്.
നിലവിലുള്ള രോഗികളും രോഗം റിപ്പോർട്ട് ചെയ്ത വീടുകളിൽ ഉള്ളവരും പൊതു ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും , പുതുതായി രോഗം റിപ്പോർട്ട് ചെയ്യുന്നവർ ആരോഗ്യ വിഭാഗത്തെ അറിയിക്കണമെന്നും,ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളം ആരോഗ്യ വിഭാഗത്തിന്റെ സൂപ്പർവിഷനിൽ എടുത്ത് സീൽ ചെയ്ത് പരിശോധനക്ക് വിധേയ മാക്കണമെന്നും, തെഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടാവണമെന്നും, ഗ്രാമ പഞ്ചായത്തിന്റെ അനുമതിയില്ലാത്ത അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും,പൊതുജനാരോഗ്യ നിയമങ്ങൾ പാലിക്കണമെന്നും നാദാപുരം ലോക്കൽ പബ്ലിക്ക് ഹെൽത്ത് അതോറിറ്റി ഡോക്ടർ ലിനീഷ്. ടി, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ അറിയിച്ചു.





