
വടകര : ദേശീയപാതയുടെ അരികിലെ വർക്ക് ഷോപ്പിലേക്ക് ലോറി നിയന്ത്രണം വിട്ടു പാഞ്ഞു കയറി ഇരുപതോളം സ്കൂട്ടറുകൾ തകർത്തു. കരിമ്പനപ്പാലം സഹകരണ ആശുപത്രിക്ക് സമീപത്തെ കൈനറ്റിക് സെന്റർ വർക്ക് ഷോപ്പിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. വർക്ക് ഷോപ്പിൽ റിപ്പയറിന് എത്തിച്ച സ്കൂട്ടറുകളാണ് തകർന്നത്.
ഇവയിൽ 14 സ്കൂട്ടറുകൾ പാടേ നശിച്ചു. അപകടത്തിൽ ലോറി ഡ്രൈവർ, ഒപ്പമുണ്ടായിരുന്ന ആൾ എന്നിവർക്ക് നിസ്സാര പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടു. പേരാവൂരിലേക്ക് പോകുകയായിരുന്ന ലോറി വർക്ക് ഷോപ്പിന് സമീപത്തെ താഴ്ചയിൽ പോയി നിൽക്കുകയായിരുന്നു. മയ്യണ്ണൂർ ഈങ്ങോളി താഴക്കുനിയിൽ ബിജുവിന്റേതാണ് വർക്ക് ഷോപ്പ്. പരാതി പ്രകാരം പൊലീസ് കേസ് എടുത്തു.





