നെയ്യാറ്റിൻകരയിൽ സ്കൂൾ പാചകപ്പുരയിൽ അരി സൂക്ഷിച്ചത് വൃത്തിഹീനമായ നിലയിൽ; സ്കൂളിന് നോട്ടീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും ഉള്ളിയും വൃത്തിഹീനമായി സൂക്ഷിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നോട്ടീസ്. നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധികൃതർക്കാണ് നോട്ടീസ് നൽകിയത്. സ്കൂളിലെ പാചകപ്പുരയ്ക്ക് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസൻസ് ഇല്ലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.
നെയ്യാറ്റിൻകരയിലെ സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വൃത്തിഹീനമായ നിലയിൽ അരിയും പലവ്യഞ്ജനകളും സൂക്ഷിച്ചതായി കണ്ടെത്തിയത്. പാചകക്കാർക്ക് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. പാചകക്കാരോട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ഇവരെ പാചകത്തിൽ നിന്ന് മാറ്റിനിർത്താനും നിർദേശിച്ചിട്ടുണ്ട്. സ്കൂളിലെ വെള്ളത്തിന്റെ സാമ്പിളുകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കായംകുളത്തും വിഴിഞ്ഞത്തും ഉൾപ്പെടെ സ്കൂളുകളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടന്നുവരികയാണ്. മന്ത്രിമാർ തന്നെ നേരിട്ടിറങ്ങി പരിശോധനകൾ നടത്തുന്നതിനിടെയാണ് നെയ്യാറ്റിൻകരയിൽ സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് കണ്ടെത്തിയത്.





