
കോഴിക്കോട് : തളി ബ്രാഹ്മണ സമൂഹമഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുങ്ങി. സമൂഹമഠത്തിലെ നവരാത്രി മണ്ഡപത്തി(കല്യാണമണ്ഡപത്തിൽ)ലാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. തമിഴ് ബ്രാഹ്മണരുടെ ആചാരനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ട ചടങ്ങാണിത്. ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകളെ 11 പടികളിലായി അലങ്കരിച്ചിട്ടുണ്ട്. വലിയ ബൊമ്മകളാണ് ഇത്തവണത്തെ ബൊമ്മക്കൊലുവിൽ ഒരുക്കിയിട്ടുള്ളത്.
ദുർഗ, ലക്ഷ്മി, സരസ്വതി, ശമയപുരം മാരിയമ്മൻ, കാഞ്ചി കാമാക്ഷി അമ്മൻ, ഗായത്രിദേവി, കുംഭകർണൻ, ഗജേന്ദ്രമോക്ഷം, ശബരിമല, അഷ്ടലക്ഷ്മി, മായകണ്ണാടി, ദശാവതാരം, വളകാപ്പ് സെറ്റ്, ഗോവർധനം, മീനാക്ഷി കല്യാണം, ലക്ഷ്മി കുബേരൻ, വിശ്വരൂപം-അർജുനൻ, ഗുരുവായൂരപ്പൻ, വെങ്കിടാചലപതി, കൃഷ്ണൻ, രാധ, പാണ്ഡുരംഗൻ തുടങ്ങിയ ബൊമ്മക്കൊലുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതുകൂടാതെ, ഗണപതി, പഴനി മുരുകൻ, അയ്യപ്പൻ, വെങ്കിടേശ്വര പെരുമാൾ-അലമേലു, അർധനാരീശ്വരൻ, വിവിധ ഹൈന്ദവ പുരാണകഥകളെ അനുസ്മരിപ്പിക്കുന്ന കാർത്തികൈ പെൺകൾ, ശിവകുടുംബം, വിവിധയിനം നിത്യോപയോഗ ഉപകരണങ്ങളുടെ മാതൃകകൾ, പച്ചക്കറി രൂപങ്ങൾ തുടങ്ങിയവയും കൊലുപടികളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഒൻപതുദിവസമാണ് പൂജ. ആദ്യത്തെ മൂന്നുദിവസം ദുർഗയ്ക്കും അടുത്ത മൂന്നുദിവസം ലക്ഷ്മിക്കും പിന്നീട് സരസ്വതിയ്ക്കും പൂജ ചെയ്യും. നവരാത്രി ദിവസങ്ങളിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ ദേവീ സ്തോത്രങ്ങൾ, ലളിതാംബാൾ ശോഭനം, ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യം എന്നിവയുണ്ടാകും. ചടങ്ങുകൾ വൈകീട്ട് അഞ്ചുമുതൽ എട്ടുവരെ നടക്കും. 30-ന് രാവിലെ 10-ന് തിരുവിളക്കുപൂജ, 28-ന് അഷ്ടലക്ഷ്മി പൂജാജപഹോമം തുടങ്ങിയവയുണ്ടാകും. 30-ന് ദുർഗാഷ്ടമിയും ഒക്ടോബർ ഒന്നിന് മഹാനവമിയും രണ്ടിന് വിജയദശമിയും ആഘോഷിക്കും.





