
കോഴിക്കോട് : വിദ്യാഭ്യാസരംഗത്തെ മാറ്റം കുടിയേറ്റംതടയാൻ സഹായിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മാതാപിതാക്കൾ അനാഥരാകുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കൻ ഐക്യനാടുകളിലേക്കും യൂറോപ്പിലേക്കുമൊക്കെ പോകുന്ന കുട്ടികളിൽ പലരുമിന്ന് തിരുച്ചുവരാൻ ആഗ്രഹിക്കുന്നില്ല. അവർ അവിടെത്തന്നെ സ്ഥിരതാമസമാക്കുകയാണ്. പഠനത്തോടൊപ്പം ജോലിചെയ്യാനും സ്റ്റാർട്ടപ്പുകൾ തുടങ്ങാനുമാകുന്നവിധം നമ്മുടെ വിദ്യാഭ്യാസരംഗം മാറിക്കൊണ്ടിരിക്കുന്നത് അതിനു പരിഹാരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാസ്റ്റർപ്ലാൻ പ്രകാശനവും മന്ത്രി നിർവഹിച്ചു. എ.ഡി.സി.ഇ. ഡോ. ജെ. സുനിൽ ജോൺ അധ്യക്ഷനായി. എം.എൽ.എ. കെ.എം. സച്ചിൻ ദേവ്, മുൻപ്രിൻസിപ്പലും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനുമായ ഡോ. എസ്. ജയശ്രീ, കോർപ്പറേഷൻ വാർഡ് മെമ്പർ രമ്യാ സന്തോഷ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാ കൺട്രോളർ ഡി.പി. ഗോഡ്വിൻ സാംരാജ്, കോളേജ് വികസന കോർ പ്ലാനിങ് കമ്മിറ്റി ചെയർപേഴ്‌സൻ എ. പ്രദീപ്കുമാർ, സ്വാഗതസംഘം കൺവീനർ ഡോ. സോണിയ ഇ.പി. തുടങ്ങിയവർ സംസാരിച്ചു.





