
ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ്. നിലവിൽ ജൂലായ് 31 ആണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. ഇനി പത്ത് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നത്.
തീയതികൾ നീട്ടുമെന്നാണ് പലരും കരുതിയിരുന്നത്. അതിനാൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നത് പലരും പിന്നീടേക്ക് മാറ്റി വെക്കുകയും വൈകിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പ്രതിദിനം 15 ലക്ഷം മുതൽ 18 ലക്ഷം വരെ റിട്ടേണുകൾ ലഭിക്കുന്നു. 25 ലക്ഷം മുതൽ 30 ലക്ഷം വരെ റിട്ടേണുകളായി ഉയരും എന്ന് തരുൺ ബജാജ് പറഞ്ഞു.
ജൂലൈ 20 വരെയുള്ള കണക്കുകൾ പ്രകാരം 2021-22 സാമ്പത്തിക വർഷത്തിലെ 2.3 കോടിയിലധികം വരുമാന റിട്ടേണുകൾ ഫയൽ ചെയ്തു കഴിഞ്ഞു എന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കി.





