Kozhikode

വരൾച്ചയിൽ തളർച്ച; കോഴിക്കോട് ജില്ലയിൽ നശിച്ചത് 26,000 വാഴ; ഇതുവരെ ഒന്നരക്കോടിയുടെ നഷ്ടം

Please complete the required fields.




കോഴിക്കോട്: വരൾച്ചയെത്തുടർന്ന് ജില്ലയിൽ ഇതുവരെ ഉണ്ടായത് ഒന്നരക്കോടി രൂപയുടെ കൃഷിനാശം. വാഴകൃഷിയെയാണ് വരൾച്ച കാര്യമായി ബാധിച്ചത്. 26000 വാഴ ഇതുവരെ നശിച്ചു. ഇതിൽ 20000 വാഴയും കുലച്ചതാണ്. വരൾച്ചയിൽ നശിക്കാതെകിട്ടുന്ന വാഴക്കുലകൾക്ക് ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടവും കനത്തതാണ്. ചൂടിൽ പെട്ടെന്ന് വാഴക്കുല നശിക്കുന്നതിനാൽ വ്യാപാരികൾ കുല എടുക്കുന്നത് കുറച്ചിട്ടുണ്ട്. കുന്നമംഗലം, കൊടുവള്ളി, ബാലുശ്ശേരി ബ്ലോക്കുകളിലാണ് ജില്ലയിൽ ഏറ്റവുംകൂടുതൽ വാഴകൃഷിയുള്ളത്. പ്രധാനമായും നേന്ത്രവാഴയാണ്. ജില്ലയിൽ ഒരുവർഷം 1500 ഹെക്ടർ സ്ഥലത്ത് വാഴകൃഷി ചെയ്യാറുണ്ട്.

ഉത്പ്പാദനം ശരാശരി 18000 ടൺ. വാഴകൃഷിയെ പ്രധാന വരുമാനമാർഗമായി കാണുന്ന കുന്നമംഗലത്തെയും കൊടുവളളിയിലെയും മറ്റും കർഷകർ വലിയതുക ചെലവഴിച്ച് ജലസേചനം നടത്തിയാണ് വരൾച്ചയെ പ്രതിരോധിച്ചത്. എന്നാൽ എല്ലാ പ്രതിരോധത്തെയും കടുത്ത വേനൽ തകർത്തു. വാഴ വാടി നടുവൊടിഞ്ഞുവീഴുന്നതാണ് പ്രധാനപ്രശ്നം. മറ്റൊന്ന് കുലയുടെ തണ്ടുൾപ്പെടെ പെട്ടെന്ന് ഉണങ്ങും. ഇതോടെ കായ എത്ര പുകവെച്ചാലും പഴുക്കില്ല. ഉൾഭാഗം കല്ലിച്ചുകിടക്കുന്നതിനാൽ ആവശ്യക്കാരുമില്ല. കദളി, മൈസൂർ വാഴക്കുലകളുടെ സ്ഥിതിയും ഇതുതന്നെ. തണ്ടുണങ്ങുന്നതിനാൽ പഴം കൊഴിഞ്ഞുവീഴാൻതുടങ്ങും.

ഇത് നഷ്ടമുണ്ടാക്കുന്നതിനാൽ പേരിനുമാത്രമേ വാഴപ്പഴം വിൽപ്പനയ്ക്ക് വെക്കുന്നുള്ളൂ. ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടത്തിന് ഒരു ധനസഹായവും കിട്ടില്ലെന്നിരിക്കെ കർഷകർക്ക് ഇത് വലിയ തിരിച്ചടിയാണ്. വാഴകൃഷി കഴിഞ്ഞാൽ നെൽകൃഷിയെയാണ് വരൾച്ച ബാധിച്ചത്. അഞ്ചുഹെക്ടർ സ്ഥലത്തെ നെൽകൃഷി നശിച്ചതായാണ് കണക്ക്. വരൾച്ച നാളീകേര ഉത്പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്. പലയിടത്തും കുലകൾ ഒടിഞ്ഞ് മച്ചിങ്ങ വീഴാൻ തുടങ്ങി. കുരുമുളകുവള്ളികൾ ഉണങ്ങുന്ന പ്രശ്നവുമുണ്ട്. ജലസേചനസൗകര്യമില്ലാത്ത സ്ഥലങ്ങളിൽ വേനൽക്കാല പച്ചക്കറികൃഷിയും പ്രതിസന്ധിയിലാണ്.

ജില്ലയിൽ വാഴകൃഷി വൻതോതിൽ നശിച്ച കുന്നമംഗലം, കൊടുവള്ളി മേഖലകളിൽ കൃഷിവകുപ്പിന്റെ ഉന്നതതലസംഘം കൃഷിയിടപരിശോധന തുടങ്ങി. കാർഷിക സർവകലാശാല വിദഗ്‌ധർ ഉൾപ്പെടെ സംഘത്തിലുണ്ട്. കൃഷിനാശം, ഉത്പ്പാദനനഷ്ടം, ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടം എന്നിവയെല്ലാം സംഘം വിലയിരുത്തും. ബുധനാഴ്ചവരെയാണ് സന്ദർശനം. ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.

Related Articles

Back to top button