
താമരശ്ശേരി: ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വൈകുന്നതു മൂലം താമരശ്ശേരി ചുരം റോപ് വേ പദ്ധതിയുടെ ഭൂമി തരംമാറ്റൽ ശുപാർശാ നടപടി ഇഴഞ്ഞുനീങ്ങുന്നു. പദ്ധതിയുടെ ലോവർ ടെർമിനലിനും അനുബന്ധ സംവിധാനങ്ങൾക്കുമായി അടിവാരത്തു കമ്പനി വാങ്ങിയ 10 ഏക്കർ ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ 3 വർഷം മുൻപാണ് റവന്യു വകുപ്പിനു നൽകിയത്. റവന്യു സെക്രട്ടറിയുടെ കാര്യാലയത്തിൽ നിന്നു പരിശോധനയ്ക്കു വിട്ട അപേക്ഷയിൽ വില്ലേജ് ഓഫിസറും തഹസിൽദാരും അനുകൂല റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, കോഴിക്കോട് കലക്ടറേറ്റിൽ തുടർ നടപടികൾ വൈകുന്നുവെന്നാണ് ആരോപണം.
തഹസിൽദാരുടെ കാര്യാലയത്തിൽ നിന്നു റിപ്പോർട്ട് സഹിതം കലക്ടറേറ്റിലെത്തിയ ശുപാർശ ഒരു വർഷത്തിലധികമായി തീർപ്പു കാത്തു കിടക്കുകയാണ്. ഇതോടെ കഴിഞ്ഞ മേയിൽ നിശ്ചയിച്ച പ്രവൃത്തി ഉദ്ഘാടനം പോലും ഇതുവരെ നടത്താനായില്ല. റോപ്വേയുടെ അപ്പർ ടെർമിനൽ സ്ഥാപിക്കുന്നതിനു ലക്കിടിയിൽ കമ്പനി വാങ്ങിയ 2 ഏക്കർ ഭൂമിയിൽ ഒന്നര ഏക്കർ വനം വകുപ്പ് പരിസ്ഥിതി ദുർബല പ്രദേശത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നുണ്ടായ പ്രശ്നം പോലും പരിഹരിക്കപ്പെട്ടപ്പോഴാണ് ഭൂമി തരംമാറ്റൽ ശുപാർശയിൽ നടപടി വൈകുന്നത്.
ബത്തേരി ചീരാലിനു സമീപം 2 ഏക്കർ ഭൂമി വനം വകുപ്പിനു കൈമാറിയാണ് തടസ്സം ഒഴിവാക്കിയത്. ലക്കിടിയിൽ നിർമാണത്തിനു അനുമതി വനം-പരിസ്ഥിതി മന്ത്രാലയം വൈകാതെ ലഭ്യമാക്കുമെന്നാണ് വിവരം. തരംമാറ്റൽ ശുപാർശ കൂടി അംഗീകരിക്കപ്പെട്ടാൽ എത്രയും വേഗം നിർമാണപ്രവൃത്തി ആരംഭിക്കാനാകും. പദ്ധതിക്കായി അടിവാരത്ത് ഉപയോഗപ്പെടുത്തുന്ന ഭൂമി പണ്ട് റബർ തോട്ടം ആയിരുന്നു.





