താമരശ്ശേരി ചുരത്തില്‍ ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും; ബ്ലോക്കില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്

താമരശ്ശേരി: ചുരത്തില്‍ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത തടസ്സം പൂര്‍ണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ചുരത്തില്‍ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും ഗതാഗത തടസ്സം ഒഴിവാക്കാന്‍ ചുരം സംരക്ഷണ സമിതിയുടെയും പ്രദേശവാസികളുടെയും മറ്റ് സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
കോഴിക്കോട്, വയനാട് കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും പ്രായോഗികവും ഫലപ്രദവുമായ സംവിധാനം കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടി കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം.
ചുരത്തില്‍ ഗതാഗത കുരുക്ക് നിത്യസംഭവമാണ്. വിശേഷ ദിവസങ്ങളില്‍ അഞ്ചിലധികം മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെടുന്നുണ്ട്. സ്ത്രീകളും കുട്ടികളും രോഗികളും എയര്‍പോര്‍ട്ട്, തീവണ്ടി യാത്രക്കാരും ദുരിതം അനുഭവിക്കുന്നത് പതിവാണ്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രാഥമികകൃത്യം പോലും നിര്‍വഹിക്കാനാവാതെ യൂറിനറി ഇന്ഫക്ഷന് പോലുള്ള അസുഖങ്ങള്‍ ബാധിക്കുന്നത് പതിവാണെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.





