
താമരശ്ശേരി : പുതുപ്പാടി കാക്കവയലിൽ ക്ഷേത്രത്തിന്റെ വാതിൽ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ച നിലയിൽ. കാക്കവയൽ ശ്രീശാസ്ത ഭഗവതിക്ഷേത്ര സമുച്ചയത്തിലെ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള ശ്രീകോവിലിന്റെ വാതിലാണ് കത്തിനശിച്ചത്.
എസ്.ഐ. വി.എസ്. സനൂജിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസും വടകര റൂറൽ പോലീസ് ആസ്ഥാനത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും അമ്പലത്തിലെത്തി പരിശോധന നടത്തി. വാതിൽ സമൂഹവിരുദ്ധർ കത്തിച്ചതാവാൻ സാധ്യതയെന്നാണ് പ്രാഥമികനിഗമനമെന്നും ശാസ്ത്രീയപരിശോധനയിൽ മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂവെന്നും താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ അഗസ്റ്റിൻ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ക്ഷേത്രത്തിൽ വിളക്ക് വെക്കാനെത്തിയ ജീവനക്കാരനാണ് വാതിൽ കത്തിക്കൊണ്ടിരിക്കുന്നത് കണ്ടെത്തിയത്. ഉടൻതന്നെ ദേവസ്വം സെക്രട്ടറിയെയും ക്ഷേത്രസംരക്ഷണസമിതി ഭാരവാഹികളെയും വിവരമറിയിച്ചു. തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. കത്തിനശിച്ച തേക്കുകൊണ്ടുള്ള വാതിലിന് മുകളിലേക്കും പുകയുയർന്നതോടെ പോലീസുകാരുടെ നേതൃത്വത്തിൽ വെള്ളം തളിച്ച് തീക്കെടുത്തി. ശ്രീകോവിലിന്റെ ചുമരിലും കരിപുരണ്ടു.
ഭഗവതീക്ഷേത്രത്തിനുസമീപം പ്രദേശവാസി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് കെട്ടിയമതിൽ ചിലർ പൊളിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിനെച്ചൊല്ലി ഇരുവിഭാഗവും താമരശ്ശേരി പോലീസിൽ പരാതിനൽകിയിരുന്നു. ക്ഷേത്രവാതിൽ കത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.





