
കോഴിക്കോട് : ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയ്ക്കെതിരെ ഉയരുന്ന വെല്ലുവിളി ആത്യന്തികമായി ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ചിന്ത രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച ചിന്ത രവീന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ ‘ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.എസ്.മാധവൻ ആധ്യക്ഷ്യം വഹിച്ചു. ചിന്ത രവീന്ദ്രൻ പുരസ്കാരം സിനിമ സംവിധായകൻ കെ.പി.കുമാരനു കെ.സച്ചിദാനന്ദൻ സമ്മാനിച്ചു. പോൾ സക്കറിയയയുടെ ലേഖന സമാഹാരമായ ‘കാലത്തിന്റെ കുറിപ്പുകൾ’ കെ.സച്ചിദാനന്ദൻ പ്രകാശനം ചെയ്തു. ചന്ദ്രിക രവീന്ദ്രൻ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ സെക്രട്ടറി എം.കെ.രവീന്ദ്രൻ, എം.പി.സുരേന്ദ്രൻ, ചെലവൂർ വേണു, രത്നാകരൻ മങ്ങാട്, സി.ആർ.രാജീവ് എന്നിവർ പ്രസംഗിച്ചു.





