India

മധ്യപ്രദേശിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം

Please complete the required fields.




ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. സത്പുര ഭവനാണ് തീപിടിച്ചത്. 15 മണിക്കൂർ നീണ്ട നിരന്തര പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായതായി അധികൃതർ പറഞ്ഞു. എന്നാലും പലയിടങ്ങളിലും ശക്തമായ പുകയുയരുന്നുണ്ട്. വീണ്ടും തീപിടിക്കാനുള്ള സാധ്യതകളും അധികൃതർ തള്ളിക്കളയുന്നില്ല.അഗ്നി ശമനസേനകൾക്ക് തീയണക്കാൻ സാധിക്കാതായതോടെ മുഖ്യമന്ത്രി ശിവ് രാജ്സിങ് ചൗഹാൻ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.

തീയണക്കാൻ വ്യോമസേനയെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭയന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ വിളിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനം തീയണക്കാനായി ഭോപ്പാലിലേക്ക് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് തീപിടുത്തത്തെക്കുറിച്ചും രക്ഷാപ്രവർത്തനത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും മോദി ഉറപ്പ് നൽകി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സത്പുര ഭവന് തീപിടിച്ചത്. യഥാസമയം കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനായതിനാൽ ആർക്കും പരിക്കില്ല.

ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റിന്റെ റീജിയണൽ ഓഫീസ് പ്രവർത്തിക്കുന്ന മൂന്നാം നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്നാം നിലയിൽ നിന്ന് മുകളിലെ നാലു നിലകളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. തീ എയർ കണ്ടീഷണമറുകളിലേക്കും ഗ്യാസ് സിലിണ്ടറുകളിലേക്കും പടരുകയും കെട്ടിടത്തിൽ നിന്ന് പല തവണ സ്ഫോടനങ്ങളുണ്ടാവുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ ഓഫീസ് ഉൾപ്പെടെ നിരവധി ഓഫീസുകളിലെ ഫയലുകളെല്ലാം കത്തി നശിച്ചു കഴിഞ്ഞു.

തീയണക്കുന്നതിനായി വ്യോമസേനയുടെ എഎൻ-32 വിമാനങ്ങളും എം.ഐ-15 ഹെലികോപ്റ്ററുകളും ഭോപ്പാലിലെത്തി. സത്പുര ഭവന് മുകളിൽ നിന്ന് വെള്ളം ചീറ്റിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. രക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി നിരീക്ഷിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നഗരവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുമരാമത്ത് പ്രിൻസിംല സെക്രട്ടറി, അശ്നിശമന വസുപ്പ് എ.ഡി.ജി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയും രൂപീകരിച്ചു.

ആദിവാസി ക്ഷേമ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയാണ് തീപിടിത്തമുണ്ടായ നിലകളിൽ പ്രവർത്തിക്കുന്നത്. അതേസമയം, പ്രതിപക്ഷം, തീപിടിത്തത്തിൽ സംശയമുന്നയിച്ചു. തീപിടിച്ചതാണോ തീ കൊളുത്തിയ​താണോ എന്ന സംശയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ആരോഗ്യ വകുപ്പിലുൾപ്പെടെയുള്ള അഴിമതികൾ മറക്കാൻ തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീപിടിത്തമാണെന്നാണ് പ്രതിപക്ഷ ആരോപണം.

Related Articles

Leave a Reply

Back to top button