Kozhikode

വലിയങ്ങാടി-പാളയം റോഡ് വൺവേ; വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു

Please complete the required fields.




കോഴിക്കോട് : വലിയങ്ങാടി-പാളയം റോഡ് വൺവേയാക്കിയതിനെതിരേ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേലേപാളയം യൂണിറ്റിന്റെ നേതൃത്വത്തിലാണ് കടകളടച്ച് പ്രതിഷേധപ്രകടനവും ധർണയും നടത്തിയത്. വൺവേയായതോടെ ഈ ഭാഗത്തെ കടകളിലെ കച്ചവടം വൻതോതിൽ കുറഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

ജൂൺ അഞ്ചുമുതൽ വലിയങ്ങാടി ഭാഗത്തുനിന്ന് പാളയം ഭാഗത്തേക്ക് മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. സി.എച്ച്. മേൽപ്പാലം ബലപ്പെടുത്തലിനായി അടയ്ക്കുന്നതിന് മുന്നോടിയായി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് വൺവേയാക്കിയത്.

ഉച്ചയ്ക്ക് രണ്ടുവരെയാണ് മേലേപാളയം, കമ്മത്ത് ലെയ്ൻ, കോപ്പർ ബസാർ എന്നീ ഭാഗങ്ങളിലെ കടകളടച്ചിട്ടത്. ഈ ഭാഗത്തെ അഞ്ഞൂറോളം കടകളെ പരിഷ്‌കരണം കാര്യമായി ബാധിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി മേലേപാളയം യൂണിറ്റ് പ്രസിഡന്റ് പി. സുനിൽകുമാർ പറഞ്ഞു.

രണ്ടുമാസത്തേക്കെന്ന് പറഞ്ഞെങ്കിലും സി.എച്ച്. മേൽപ്പാലം പണി നീണ്ടുപോയേക്കുമോയെന്നും പരിഷ്‌കരണം സ്ഥിരമാക്കുമോയെന്നുമുള്ള ആശങ്കകളും വ്യാപാരികൾക്കുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് നിവേദനം നൽകിയിരുന്നു. തുടർന്നുനടന്ന ചർച്ചയിൽ പരിഹാരമാവാത്തതിനാലാണ് സമരരംഗത്തിറങ്ങിയതെന്നും സുനിൽകുമാർ പറഞ്ഞു.

ധർണ കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. പി. സുനിൽകുമാർ അധ്യക്ഷനായി. എ.പി. ദയാനന്ദൻ, എ.വി.എം. കബീർ, എ.കെ. മൻസൂർ, പി.വി. സിദ്ദിഖ്, വി. സുനിൽകുമാർ, വി. അബ്ദുള്ള, സി. അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button