India

കങ്കണയ്ക്ക് എതിരായ മോശം പരാമർശം: കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് സീറ്റില്ല

Please complete the required fields.




ന്യൂഡൽഹി: നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. യുപിയിലെ മഹാരാജ്​ഗഞ്ച് മണ്ഡലമായിരുന്നു സുപ്രിയ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇവിടെ വിരേന്ദ്ര ചൗധരിയെ സ്ഥാനാർഥിയായി കോൺ​ഗ്രസ് പ്രഖ്യാപിച്ചു.

2019-ൽ മഹാരാജ്​ഗഞ്ചിൽനിന്ന് മത്സരിച്ച സുപ്രിയ, ബിജെപി സ്ഥാനാർഥിയായ പങ്കജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു. കോൺ​ഗ്രസിന്റെ സാമൂഹിക മാധ്യമ ചുമതലകളുടെ മേധാവിയായ തനിക്ക് ജോലിയിൽ ശ്രദ്ധിക്കേണ്ടതിനാൽ മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിക്കുകയായിരുന്നു എന്നാണ് സ്ഥാനാർഥിത്വം നഷ്ടമായതിനോട് സുപ്രിയ പ്രതികരിച്ചത്. താൻ മറ്റൊരാളെ സ്ഥാനാർഥിയായി നിർദേശിച്ചിരുന്നതായും അവർ വ്യക്തമാക്കി.

ഹിമാചലിലെ മാണ്ഡിയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി കങ്കണ റണൗട്ടിനെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സുപ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കങ്കണയുടെ ചിത്രം സഹിതമുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പോസ്റ്റ് വിവാദമായതോടെ ചിത്രം ഡിലീറ്റ് ചെയ്തു. തുടർന്ന് സുപ്രിയക്ക് മറുപടിയുമായി കങ്കണ രം​ഗത്തെത്തി. ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ സ്ത്രീകളും സമൂഹത്തിൽ അന്തസ്സ് അർഹിക്കുന്നുണ്ടെന്ന് കങ്കണ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

കഴിഞ്ഞ 20 വർഷമായി ഒരു കലാകാരിയെന്ന നിലയിൽ ഞാൻ പ്രവർത്തിച്ചുവരികയാണ്. എല്ലാ തരത്തിലുള്ള സ്ത്രീയായും ഞാൻ അഭിനയിച്ചിട്ടുണ്ട്. ക്വീനിലെ നിഷ്കളങ്കയായ പെൺകുട്ടിമുതൽ ധഡകിലെ വശീകരിക്കുന്ന ചാരവൃത്തിനടത്തുന്ന സ്ത്രീവരെ, മണികർണികയിലെ ആരാധനകഥാപാത്രം മുതൽ ചന്ദ്ര മുഖിയിലെ നെഗറ്റീവ് കഥാപാത്രം വരെ, റജ്ജോയിലെ വേശ്യ മുതൽ തലൈവിയിലെ വിപ്ലവാത്മക നേതാവ് വരെയുള്ള കഥാപാത്രങ്ങളെ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു, കങ്കണ എക്സിൽ കുറിച്ചു. നമ്മുടെ പെൺകുട്ടികളെ മുൻവിധികളിൽ നിന്ന് സ്വതന്ത്രമാക്കണമെന്നും അവയവങ്ങളെക്കുറിച്ച് ജിഞ്ജാസപ്പെടുക എന്നതിനപ്പുറത്തേക്ക് ചിന്തിക്കാൻ പഠിപ്പിക്കണമെന്നും കങ്കണ പറഞ്ഞിരുന്നു.

അതേസമയം, തന്റെ അറിവോടെ അല്ല പോസ്റ്റ് ചെയ്തതെന്നും അക്കൌണ്ട് അക്സസ് ഉള്ളവരാണ് പോസ്റ്റ് ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചതെന്നും സുപ്രിയ വിശദീകരണം നൽകി. സ്ത്രീകൾക്കെതിരെ അത്തരത്തിൽ ഒരു പരാമർശം നടത്തില്ലെന്ന് എന്നെ അറിയാവുന്നവർക്ക് മനസിലാകുമെന്നും സുപ്രിയ പറഞ്ഞിരുന്നു. പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിർ, സുപ്രിയ ശ്രീനേത് എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം.

Related Articles

Back to top button