
താമരശ്ശേരി : കൊടുവള്ളി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കട്ടിപ്പാറ അമ്പോക്കിലെ വ്യവസായ എസ്റ്റേറ്റ്, താമരശ്ശേരി പള്ളിപ്പുറത്തെ വനിതാ വ്യവസായ എസ്റ്റേറ്റ് തുടങ്ങിയ വ്യവസായപദ്ധതികളുടെ വികസനപ്രവൃത്തികൾ ത്വരപ്പെടുത്താൻ സ്ഥലം എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. പ്രവൃത്തി പൂർത്തിയാവുന്ന മുറയ്ക്ക് സംരംഭകരെ ആകർഷിക്കാനുള്ള നടപടി സ്വീകരിക്കാനും സ്ത്രീകൾക്കും തൊഴിൽരഹിതരായ പ്രവാസികൾക്കും സംരംഭസഹായങ്ങൾ നൽകാനും യോഗം നിർദേശിച്ചു.
‘ഒരുവർഷം ഒരുലക്ഷം പുതിയ സംരംഭങ്ങൾ’ എന്ന പദ്ധതിക്കുകീഴിൽ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയോഗിച്ച വ്യവസായ വകുപ്പ് ഇന്റേണുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന അവലോകന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. താമരശ്ശേരി പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസിൽ ചേർന്ന യോഗം ഡോ. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അധ്യക്ഷനായി.





