
കോഴിക്കോട് : ഗ്യാസ് സിലിൻഡറിൽനിന്ന് തീപടർന്ന് ചായക്കട മുഴുവനായി കത്തിനശിച്ചു. എംസിസി കണ്ടംകുളം ക്രോസ് റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. വടക്കാഞ്ചേരി സ്വദേശി ചേറ്റുമ്മൽ വർഗീസ് എന്ന തോമസിന്റെ കടയാണ് കത്തിനശിച്ചത്. അപകടസമയത്ത് തോമസും ഭാര്യ ആനിയുമാണ് കടയ്ക്കകത്തുണ്ടായിരുന്നത്.
കടയിലുണ്ടായിരുന്ന മൂന്ന് സിലിണ്ടറുകളിലൊന്നിനാണ് ആദ്യം തീപിടിച്ചത്. അടുത്തുള്ള സിലിൻഡറുകളിലേക്ക് തീപടർന്നതോടെ സിലിൻഡറുകൾ ഓഫാക്കാൻ ശ്രമിച്ചെങ്കിലും കടയ്ക്കുള്ളിലും മേൽക്കൂരയിലും തീപടർന്നു. കടയിലുണ്ടായിരുന്ന സാധനങ്ങളും പണവും ആനിയുടെ മൊബൈൽ ഫോണും കത്തിനശിച്ചു. ഇരുവശത്തും മറ്റുകടകളില്ലാത്തതിനാൽ കൂടുതൽ ഭാഗത്തേക്ക് തീപടർന്നില്ല. കടയ്ക്കുള്ളിൽ തീ പടർന്നുപിടിച്ചപ്പോൾ തോമസും ആനിയും പുറത്തിറങ്ങിയതിനാൽ ഇരുവർക്കും പൊള്ളലേറ്റില്ല.
നാലുവർഷത്തോളമായി ഇവിടെ കടനടത്തുന്ന തോമസ് ഭാര്യയോടൊപ്പം പുഷ്പ ജങ്ഷനിൽ വാടകയ്ക്കാണ് താമസിക്കുന്നത്. തീപടർന്നയുടനെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിക്കുകയും ഗ്യാസ് സിലിൻഡറുകൾ പുറത്തെത്തിക്കുകയും ചെയ്തു. ബീച്ച് അഗ്നിരക്ഷാനിലയത്തിലെ സേനയെത്തി തീ പൂർണമായി അണച്ചു.





