
കാഞ്ഞങ്ങാട് : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പരിശോധനക്കിടെ കർണാടകയിൽനിന്ന് ഓട്ടോയിൽ കേരളത്തിലേക്ക് കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ. ബളാന്തോട് മാച്ചിപ്പള്ളിയിലെ കെ. രമേശനെയാണ് (35) രാജപുരം പൊലീസ് പിടികൂടിയത്. തെരഞ്ഞെടുപ്പ് ഭാഗമായി സംസ്ഥാന അതിർത്തിയിൽ പാണത്തൂരിൽ കഴിഞ്ഞദിവസം രാത്രി വാഹനപരിശോധന നടത്തവെയാണ് യുവാവ് പൊലീസ് പിടിയിലായത്.
ചെമ്പേരിയിൽനിന്ന് ഓട്ടോയിൽ കേരളത്തിലെത്തിച്ച 192 പാക്കറ്റ് മദ്യം പിടിച്ചു. 34.56 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഓട്ടോയിൽനിന്ന് കണ്ടെത്തിയത്. ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ്, പൊലീസുകാരായ ശിവപ്രസാദ്, പ്രവീൺ, ഡ്രൈവർ വിനോദ് കുമാർ, ഹോം ഗാർഡ് ശ്രീകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.





