
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണെന്നും അഭിമാന നിമിഷമെന്നും കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് പറഞ്ഞു. സാഹിത്യ രംഗത്തും മാധ്യമ രംഗത്തും എല്ലാം കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം. ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമാണിതെന്നും രണ്ടുവർഷത്തോളമായി കോർപ്പറേഷൻ ഈ ശ്രമങ്ങളുടെ പിന്നാലെയായിരുന്നുവെന്നും മേയര്‍ ബീന ഫിലിപ്പ് വ്യക്തമാക്കി
സാഹിത്യ പ്രോത്സാഹനം ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും മേയർ കൂട്ടിച്ചേര്‍ത്തു. യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്വർക്കിൽ (യു സി സി എൻ) ആണ് കോഴിക്കോട് ഇടംപിടിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു നഗരം യുനെസ്കോയുടെ സാഹിത്യനഗരം പട്ടികയിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ യുനെസ്കോയുടെ സാഹിത്യ നഗരം പട്ടികയിൽ ഇടം പിടിക്കാനായി വലിയ ശ്രമങ്ങൾ ആണ് നടത്തിയത്.
ഇന്ത്യയിൽ നിന്ന് ഗ്വാളിയോറും സംഗീത മേഖലയിൽ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്വർക്കിൽ സ്ഥാനം പിടിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ എൽ എഫ്) ഉൾപ്പെടെയുള്ള സാഹിത്യ സംഗമത്തിന് വർഷങ്ങളായി നഗരം വേദിയാകുന്നത് ഉൾപ്പെടെ പരിഗണിച്ചാണ് കോഴിക്കോടിന് അവസരം ലഭിച്ചതെന്നാണ് വിവരം ലഭിച്ചത് . ശൃംഖലയിൽ ഇപ്പോൾ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 350 നഗരങ്ങളുണ്ട്. കരകൗശലം, നാടോടി കലയ, ഡിസൈൻ, ഫിലിം, ഗാസ്ട്രോണമി, സാഹിത്യം, മാധ്യമകലകൾ, സംഗീതം എന്നീ ഏഴ് സർഗ്ഗാത്മക മേഖലകളെ പ്രതിനിധീകരിച്ചാണ് രാജ്യങ്ങളെ ഉൾപ്പെടുത്തിയത്.
കാലാവസ്ഥാ വ്യതിയാനം, വർധിച്ചുവരുന്ന അസമത്വം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം തുടങ്ങിയ വികസിച്ചുകൊണ്ടിരിക്കുന്ന ഭീഷണികളെ നേരിടാൻ പുതുതായി നിയുക്തമാക്കിയ നഗരങ്ങൾ നെറ്റ്വർക്ക് അംഗങ്ങളുമായി സഹകരിക്കും. പോർച്ചുഗലിലെ ബ്രാഗയിൽ നടക്കുന്ന 2024 യു സി സി എൻ വാർഷിക സമ്മേളനത്തിൽ (1-5 ജൂലൈ 2024) പങ്കെടുക്കാൻ പുതുതായി നിയുക്ത ക്രിയേറ്റീവ് നഗരങ്ങൾക്ക് അവസരം ലഭിക്കും.





