
കോഴിക്കോട് : വ്യാപാര സ്ഥാപനത്തിന്റെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ 2 യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. വിൽപനയ്ക്കായി ഉപയോഗിക്കുന്ന സ്കൂട്ടറും രണ്ടര ലക്ഷത്തോളം രൂപയുടെ ലഹരി മരുന്നും കണ്ടെടുത്തു. യുവാക്കൾ ഉപയോഗിച്ച മൊബൈൽ ഫോണുകളും പിടികൂടി.പെരുമണ്ണ പാണിക്കരവീട്ടിൽ വി.പി.നിഹാൽ (25), സഹായി പന്നിയങ്കര കോയവളപ്പ് ഹംസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജയ് കുമാർ (26) എന്നിവരെയാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിലും വ്യാപാര സ്ഥാപനത്തിലും സൂക്ഷിച്ച 27 ഗ്രാം എംഡിഎംഎ, 63.680 എംഎൽ ഹഷീഷ് ഓയിൽ, ഒരു എൽഎസ്ഡി സ്റ്റാംപ്, 3 മൊബൈൽ ഫോൺ, 8,000 രൂപ, സ്കൂട്ടർ എന്നിവയാണ് പിടിച്ചത്.
മാങ്കാവ് ജംക്ഷനിൽ പീപ്പിൾസ് പേപ്പർ ഗ്ലാസ്, പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തി സ്ഥാപന നടത്തിപ്പുകാരൻ നിഹാലിനെ ചോദ്യം ചെയ്തപ്പോഴാണ് സഹായി അജയ് കുമാറിനെ കുറിച്ചും വിവരം കിട്ടിയത്. കടയിലും വാഹനത്തിൽ നിന്നുമായാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഷിജുമോൻ, പ്രിവന്റീവ് ഓഫിസർമാരായ കെ.ഷിബു ശങ്കർ, കെ.പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അഖിൽദാസ്, ഫറോക്ക് റേഞ്ച് ഇൻസ്പെക്ടർ കെ.സതീശൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ നിഷിൽ കുമാർ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) അബ്ദുൽ ജബ്ബാർ, സിവിൽ എക്സൈസ് ഓഫിസർ പി.അശ്വിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.





